Untitled design - 1

TOPICS COVERED

എം.സി.റോഡിലെ അപകടമേഖലയില്‍ നോട്ടക്കാരന്‍ മദ്യപിച്ച് അഴിച്ചു വിട്ട കുതിരയെ പഴയ ഉടമ തിരികെ വാങ്ങി. തട്ട സ്വദേശി ചിക്കു നന്ദനയാണ് തന്‍റെ കുതിരയെ തിരികെ വാങ്ങിയത്. പന്തളം കുരമ്പാലയിലെ അപകട മേഖലയിലാണ് നോട്ടക്കാരന്‍ കുതിരയുമായി അഭ്യാസം കാട്ടിയത്. 

നോട്ടക്കാരന്‍ മണിക്കുട്ടന്‍ കുതിരയെ കൈകാര്യം ചെയ്യുന്നത് വളരെ മോശമായാണ്. മദ്യപിച്ച് ലക്കുകെട്ട് കുതിരയെ റോഡിലേക്ക് തള്ളിവിടുകയായിരുന്നു. എംസിറോഡില്‍ ഏറ്റവും അപകടം നിറഞ്ഞ സ്ഥലത്താണ് കുതിരയെ അഴിച്ചുവിട്ടത്. പലതവണ നാട്ടുകാരും ഓട്ടോറിക്ഷാ ഡൈവര്‍മാരും ആണ് വാഹനങ്ങള്‍ തടഞ്ഞ് അപകടം ഒഴിവാക്കിയിരുന്നത്. 

വിഡിയോ പ്രചരിച്ചതോടെയാണ് കുതിരയുടെ ആദ്യ ഉടമ ചിക്കു നന്ദന കാര്യം അറിയുന്നത്. ആറ് മാസം മുന്‍പ് മറ്റൊരാള്‍ക്ക് വിറ്റതായിരുന്നു കുതിരയെ. കുതിരയെ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത് എന്ന് ബോധ്യമായതോടെ വാഹനവുമായെത്തി തിരികെ വാങ്ങി. കുതിരക്കായി വാങ്ങിയ 20,000 രൂപയും തിരികെക്കൊടുത്തു. 

രാജയെന്നു പേരുള്ള കുതിരയെ പാലക്കാട്ട് നിന്നാണ് ചിക്കു നന്ദന വാങ്ങിയത്. ആറ് വയസാണ് പ്രായം. സിനിമാ ഷൂട്ടിങ്ങിനായി കുതിരകളേയും മറ്റ് മൃഗങ്ങളേയും നല്‍കാറുണ്ട്. ഒരാള്‍ വളര്‍ത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കുതിരയെ കൊടുത്തതാണെന്ന് ചിക്കു നന്ദന പറഞ്ഞു. താനറിയാതെ ജോലിക്കാര്‍ കുതിരയെ അഴിച്ചു കൊണ്ടുപോയി എന്നാണ് കുതിരയെ വാങ്ങിയ ആളുടെ വാദം. 

ENGLISH SUMMARY:

Horse at the danger zone on MC Road