ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലെങ്കിലും അഞ്ജന ജീവിതം ആഘോഷിക്കുകയാണ്. പിരിമിതികളെ മറികടന്ന് അവള്‍ നേടിയത് 'മിസ് ഡെഫ് ഇന്ത്യ' കിരീടവും. ഇല്ലായ്മകളെ തരണം ചെയ്ത് വേണം അഞ്ജനയ്ക്ക് ഇനി രാജ്യാന്തര തലത്തിലേക്ക് മല്‍സരിക്കാന്‍.
ശബ്ദങ്ങളില്ലാത്ത ലോകത്ത് അവള്‍ വിരലുകള്‍ കൊണ്ട് മിണ്ടി, പരിമിതികളെ മറികടക്കാന്‍ ഒരു നിറചിരിയും. സദസിലെ കയ്യടികള്‍ ഒന്നും കേട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെ അഞ്ജന റാംപില്‍ ചുവട് വച്ചു. 2024ലെ മിസ് ഡെഫ് ഇന്ത്യ മല്‍സരത്തില്‍ കിരീടം ചൂടി.
എളുപ്പമായിരുന്നില്ല ആ യാത്ര. വീട്ടുജോലി ചെയ്യുന്ന അമ്മ. വാടക വീട്ടിലെ താമസം. അമ്മയും സഹോദരി ഭാഗ്യലക്ഷ്മിയും നല്‍കുന്ന പിന്തുണ മാത്രമാണ് കരുത്ത്. കലാ–കായിക രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനിങ് പഠിക്കുന്ന അഞ്ജനയ്ക്ക് മോഡലിങ് തുടരാനാണ് താല്‍പര്യം.