‘ഒള്ളത് പറയാല്ലോ, ഞങ്ങള്‍ ശരിക്കും പേടിച്ചു, പശുവിനെ തപ്പി ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ പശു നേരത്തെ വീട്ടിലെത്തിയന്നെ’ മാധ്യമങ്ങളോട് ഈ കാര്യം പറയുമ്പോള്‍ പാറു ചേച്ചിക്ക് ആശ്വാസവും സന്തോഷവുമാണ്. ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് പാറയുടെ മുകളില്‍. ഇന്നലെ കോതമംഗലം കുട്ടമ്പുഴയിൽ പശുക്കളെ തിരഞ്ഞു വനത്തിനുള്ളിൽ പോയ മൂന്നു സ്ത്രീകളെയും രാവിലെയാണ് കണ്ടെത്തിയത്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിൽ നിന്നും 6 കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണു സ്ത്രീകളെ കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ല.
നായാട്ടു സംഘമാണെന്ന് കരുതിയാണ് രാത്രിയില്‍ തിരച്ചിലിന് വന്നവരോട് പ്രതികരിക്കാതിരുന്നതെന്നും പാറുക്കുട്ടിയും, മായയും, ഡാർലിയും പറഞ്ഞു. പശുവിനെ നോക്കി പോയപ്പോള്‍ ആനയെ കണ്ടപ്പോള്‍ രക്ഷ തേടി വേറെ വഴിക്ക് പോവുകയായിരുന്നു. പശു വീട്ടിലെത്തുകയും ചെയ്തു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മൂന്നു സ്ത്രീകളെ വനത്തിൽ കാണാതായത്. പശുക്കളെ കണ്ടെത്താനായി ഉച്ചയ്ക്ക് ഒരു മണിയോടെ ഇവർ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു. മായയുമായി ഇന്നലെ നാലു മണി വരെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ അറിയിച്ചിരുന്നു. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. തുടർന്നു പൊലീസും അഗ്നിരക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി നീണ്ട തിരച്ചിലുകൾക്ക് ശേഷം മൂന്നുപേരെയും സുരക്ഷിതരായി കണ്ടെത്തിയത്.