പാലക്കാട് മൂന്നാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ്. നഗരപരിധിയില്‍ ലീഡ് നേടിയതോടെയാണ് കൃഷ്ണകുമാറിനെ പിന്തള്ളി രാഹുല്‍ മുന്നിലെത്തിയത്. ഇതിനിടെ രാഹുലിന്‍റെ മുന്നേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. കെ സുരേന്ദ്രനെ ചാണകവെള്ളം ഒഴിച്ച് ശുദ്ധീകരിക്കാതെ ബിജെപി രക്ഷപ്പെടില്ലെന്നും പാലക്കാട് മുന്‍സിപാലിറ്റി കോണ്‍ഗ്രസ് തിരിച്ച് പിടിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
‘കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്നെഴുതിക്കൊടുത്ത പാലക്കാട്ടെ നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദികള്‍, കെ സുരേന്ദ്രനേയും സംഘത്തേയും മാരാര്‍ജി അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപെടില്ല'– സന്ദീപ്.
പാലക്കാട്ടെ കോണ്‍ഗ്രസ് വിജയം പ്രവര്‍ത്തകരുടെ കൂട്ടായ്മയാണെന്നും ആ വിജയത്തില്‍ താന്‍ സന്തോഷവാനാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. അതേ സമയം ആയിരത്തി നാലൂറിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ നിലവില്‍ ലീഡ് ചെയ്യുന്നത്. ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തിലധികം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറായിരുന്നു ലീഡ് ചെയ്തത്. രണ്ടാം റൗണ്ടില്‍ രാഹുല്‍ നേരിയ ലീഡ് നേടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ നേടിയ വോട്ടിന്‍റെ ലീഡ് ബിജെപിക്ക് ആദ്യ റൗണ്ടില്‍ നിലനിര്‍ത്താനായില്ല. ലീഡുണ്ടെങ്കിലും ബിജെപിയുടെ വോട്ട് കുറഞ്ഞതായാണ് പ്രാഥമിക വിലയിരുത്തല്‍. രാഹുലിന്‍റെ പകുതി വോട്ടുകള്‍ മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍ സരിന്‍റെ അക്കൗണ്ടിലുള്ളത്.