
പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് എൽഡിഎഫ്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയിൽ ആവേശത്തോടെ അണിനിരന്ന് ഇടതുമുന്നണി പ്രവർത്തകർ. ''സരിൻ ബ്രോ'' എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തത്. ഇതിനിടെ സൈബറിടത്ത് വൈറലാകുന്ന ഒരു വിഡിയോ ഉണ്ട് . ഒരു പാത്രത്തില്‍ നിന്ന് ബിരിയാണി കഴിക്കുന്ന പി സരിനും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും. നേരത്തെ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ സരിനും ഇടതുപക്ഷത്തിന്‍റെ യുവജന സംഘടനാ നേതാക്കളും നിരന്തരം സൈബറിടത്ത് ഏറ്റുമുട്ടിയിരുന്നു.
അതേ സമയം പാലക്കാട് പ്രചാരണം കൊഴിപ്പിച്ച് യു.ഡി.എഫും എൽ.ഡി.എഫും. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും, പി.സരിന്‍റെയും ഇന്നത്തെ പ്രചാരണം. രാഹുലിനെ ചേർത്ത് പിടിച്ച് മുന്നിൽ നിന്ന് പ്രചരണം നയിക്കുകയാണ് ഷാഫി പറമ്പിൽ. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കൂടെ താനുള്ളതാണ് എൽ.ഡി.എഫിന്‍റെ വിമർശനമെങ്കിൽ അവരോട് സഹതാപം മാത്രമെന്ന് ഷാഫി പറമ്പിൽ മനോരമ ന്യൂസിനോട് പറഞ്ഞു. മറ്റ് ജില്ലയിൽ നിന്നും വരുന്നവരെ സ്വീകരിക്കില്ലെന്ന ഇടത് സ്ഥാനാർഥി പി.സരിന്‍റെ ആക്ഷേപത്തിന് പാലക്കാട്ട് മല്‍സരിച്ച നേതാക്കളുടെ പേരുകൾ എണ്ണിപ്പറഞ്ഞായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മറുപടി. കോട്ട മൈതാനിയില്‍ വോട്ടുതേടുന്നതിനിടെയാണ് ഇരുവരും വിമർശനങ്ങളോട് പ്രതികരിച്ചത്.