ക്രിസ്മസ് കാലത്ത്, നാട്ടിലെങ്ങും കാരളുകള്‍ ഇറങ്ങാറുണ്ട്. പക്ഷേ, ഓണക്കാലത്ത് കാരളലിറങ്ങുമോ? എറണാകുളം പെരുമ്പാവൂരിലെ വളയന്‍ചിറങ്ങര ഗ്രാമത്തില്‍ ചെന്നാല്‍ ആ സംശയം മാറികിട്ടും. മാവേലിയും ഓണപ്പാട്ടുകളുമായി കളര്‍ഫുളളാണ് ഇവിടുത്തെ ഓണരാത്രികള്‍.
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലെ ഓണരാത്രികള്‍....വൈകിട്ട് ഏഴുമണിയോടെ തുടങ്ങുകയായി, പാട്ടും ആട്ടവും. ചിങ്ങമാസങ്ങളില്‍ പഴയതലമുറയും പുതിയ തലമുറയും മണ്ണെണ്ണ വിളക്കുകളുമേന്തി ഓണം അറിയിച്ചുകൊണ്ട് വീട്ടുമുറ്റങ്ങളിലേക്ക് നിരനിരയായി കയറിച്ചെല്ലും. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നാട്ടിലെ ഉല്‍സാഹികള്‍ തുടങ്ങിവെച്ച ഓണക്കാഴ്ച.
ഓരോ വര്‍ഷവും പുതിയ പാട്ടുകള്‍. വളയന്‍ചിറങ്ങരയിലെ വായനശാലയുടെ അകത്തളത്തിലിരുന്ന് നാടൊന്നാകെ പരിശീലിക്കുകയായി. ഓരോ ദിവസവും മാവേലിയാകുന്നത് ഓരോരുത്തര്‍. വനിതകളും മാവേലിയായി വേഷംകെട്ടാറുണ്ട്. പുലികളിയും ശിങ്കാരിമേളവും ഉള്‍പ്പെടെ കലാരൂപങ്ങളും സംഘത്തില്‍ ഉണ്ടാകും.