എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് പിണറായി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന രാഷ്ട്രീയ വിവാദമായി കത്തുകയാണ്. മുഖ്യമന്ത്രിയുടെ ദൂതനായാണ് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മകള്‍ക്കെതിരായ കേന്ദ്രഏജന്‍സികളുടെ അന്വേഷണം മുതല്‍ തൃശൂരിലെ ബിജെപി വിജയവും പൂരം കലക്കലും എല്ലാം ഈ സന്ദര്‍ശനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പ്രതിപക്ഷ വാദം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് ഇടപെടലിലും അജിത്കുമാറിന് ഉത്തരവാദിത്തമുണ്ടെന്നാണ് ആരോപണം. തൃശൂരില്‍ ബിജെപി വിജയത്തിന് അരങ്ങൊരുക്കാനായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് അജിത്കുമാറിന്‍റെ ഇടപെടലുകളെ വിലയിരുത്തുന്നത്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണനേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ഒരുപടികൂടി കടന്ന് കോവളത്ത് ആര്‍.എസ്.എസ് നേതാവ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അജിത് കുമാറിനൊപ്പമുണ്ടായിരുന്നത് ആരെല്ലാമെന്നറിഞ്ഞാല്‍ ഞെട്ടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്.
ആര്‍.എസ്.എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ പൊലീസ് സേനയില്‍ ഒപ്പമുള്ളവര്‍ക്ക് മറ്റു ചില സംശയങ്ങളുണ്ട്. പൊലീസ് കരിയറിലെ ചില അട്ടിമറികള്‍ക്ക് കരുനീക്കുകയായിരുന്നു അജിത്കുമാറെന്നാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാന പൊലീസ് മേധാവി പദവിയാണ് അജിത്കുമാറിന്റെ ലക്ഷ്യമെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. അടുത്ത ജൂലൈ 31ന് ഇപ്പോഴത്തെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കും. രണ്ടാം പിണറായി സര്‍ക്കാരിന് പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള അവസാന അവസരമാണ് അത്.
മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഉപയോഗിച്ച് അടുത്ത ഓഗസ്റ്റ് 1 മുതല്‍ കേരളത്തിന്റെ പൊലീസ് മേധാവിയാകുകയാണ് അജിത്കുമാറിന്റെ ലക്ഷ്യം. പക്ഷെ അതിന് പിണറായി വിജയന്‍ മാത്രം വിജയിച്ചാല്‍ പോര. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കൂടി സഹായിക്കണം. 30 വര്‍ഷം സര്‍വീസുള്ള കേരള കേഡറിലെ ഉദ്യോഗസ്ഥരുടെ പട്ടിക കേരളം കേന്ദ്രത്തിന് കൈമാറണം. അതില്‍ സീനിയോറിറ്റിയില്‍ മുന്നിലുള്ള മൂന്നുപേരുടെ ചുരുക്കപ്പട്ടിക യു.പി.എസ്.സി കേരളത്തിന് തിരിച്ചുനല്‍കും. ഇതില്‍ നിന്ന് ആരെ വേണമെങ്കിലും സംസ്ഥാനത്തിന് ഡി.ജി.പിയായി നിയമിക്കാം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അജിത്കുമാര്‍ ആദ്യ മൂന്നുപേരുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്. കാരണം നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് എന്നിവര്‍ക്ക് അജിത്കുമാറിനേക്കാള്‍ സീനിയോറിറ്റിയുണ്ട്. ഇതില്‍ ബി.എസ്.എഫ് ഡയറക്ടറായിരുന്ന നിതിന്‍ അഗര്‍വാളിനെ ഗുരുതര പിഴവിനെ തുടര്‍ന്ന് കേന്ദ്രം മടക്കി അയച്ചതിനാല്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രം ഇനിയും പരിഗണിച്ചേക്കില്ല. എങ്കിലും നാല് പേര്‍ കൂടി അജിത്കുമാറിന് മുന്നിലുണ്ട്. ഇതില്‍ രണ്ട് പേരെയെങ്കിലും പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍മാത്രമേ അജിത്കുമാറിന് കേന്ദ്ര പട്ടികയില്‍ ഇടംപിടിക്കാനാകൂ. അങ്ങനെ സീനിയറായ സഹപ്രവര്‍ത്തകരെ വെട്ടി അധികാരം പിടിക്കാനാണ് ആര്‍.എസ്.എസ് നേതാക്കളുടെ സഹായം തേടിയതെന്നാണ് സംശയം. സഹപ്രവര്‍ക്കെതിരായ ആരോപണങ്ങളുടെ പട്ടിക തന്നെ അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് കൈമാറിയതായും പൊലീസ് സേനയില്‍ സംസാരമുണ്ട്.
മറ്റൊരു സംശയം, രാഷ്ട്രപതിയുടെ പൊലീസ് മെഡലാണ് അജിത്കുമാറിന്റെ ലക്ഷ്യമെന്നാണ്. 29 വര്‍ഷത്തെ സര്‍വീസിനിടെ ഇതുവരെ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഏറ്റവും പ്രധാന അംഗീകാരമായ ഈ പുരസ്കാരം അദ്ദേഹത്തേക്കാള്‍ ജൂനിയറായ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. തന്റെ പേര് കേരളത്തിലെ മേലുദ്യോഗസ്ഥര്‍ വെട്ടുന്നുവെന്നാണ് അജിത്കുമാറിന്റെ സംശയം. അതിനാല്‍ ഇത്തവണയെങ്കിലും അത് നേടിയെടുക്കാനുള്ള ശുപാര്‍ശയ്ക്കുവേണ്ടിയാണ് കൂടിക്കാഴ്ചയെന്നും സംസാരമുണ്ട്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥന് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍.എസ്.എസ് നേതാക്കളുടെ സഹായം അഭ്യര്‍ഥിക്കേണ്ടി വന്നല്ലോയെന്ന പരിഹാസവും പൊലീസില്‍ നിറയുന്നുണ്ട്.