തരിശുഭൂമിയിൽ ചെണ്ടുമല്ലി പൂപ്പാടം തീർത്ത് കർഷകകുടുംബം. കോഴിക്കോട് പന്തീരാങ്കാവിലെ ശശിധരനും ഭാര്യ ഷീബയുമാണ് പൂക്കൃഷിയില്‍ നൂറുമേനി കൊയ്തത്.
മഞ്ഞയും ഓറഞ്ചും നിറത്തിൽ നിറയെ പൂത്തു നിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ ഒരുക്കിയ കാഴ്ച കണ്ണിനു കുളിരേകും. തരിശായി കിടന്ന ഈ മണ്ണിലാണ് ശശിധരന്‍റെയും ഭാര്യ ഷീബയുടെയും അധ്വാനം പൂങ്കാവനം തീര്‍ത്തത്. മുൻ പരിചയം ഒന്നുമില്ലാതെയാണ് പൂക്കൃഷിയിലേക്ക് ഇരുവരും ചുവടുവച്ചത്. പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും ആത്മാർത്ഥമായ പിന്തുണ കരുത്തായി.
കൃഷി ചെയ്യുന്ന രീതി പഠിച്ചത് യൂട്യൂബ് വിഡിയോകളിലൂടെ. ജൂലൈ ഒന്നിന് വിത്തെറിഞ്ഞ പൂപ്പാടത്ത് ഈയാഴ്ച വിളവെടുപ്പാണ്. ആവശ്യക്കാർക്ക് ഓർഡർ പ്രകാരം ഇവിടെനിന്ന് പൂക്കൾ നൽകും. ചിത്രങ്ങൾ എടുക്കാനും റീല്‍സ് ഷൂട്ട് ചെയ്യാനും പാടത്തേക്ക് നിരവധി പേരാണ് എത്തുന്നത്.