ഒരു നാടിന്‍റെ പ്രിയപ്പെട്ട വിദ്യാലയമായിരുന്നു വെള്ളാർമല ഹയർസെക്കൻഡറി സ്കൂൾ. ആ സ്കൂളിന് ആദ്യ കെട്ടിടം നിർമ്മിക്കാൻ നേതൃത്വം നൽകിയ പ്രധാന അധ്യാപകൻ ആണ് പത്തനംതിട്ട സ്വദേശി വിൽസൺ മാഷ്. ഒന്നും രണ്ടുമല്ല, 21 വർഷമാണ് പ്രധാനാധ്യാപകനായ വിൽസൺ മാഷ് വെള്ളാർമല സ്കൂളിൽ ജോലി ചെയ്തത്.
സ്കൂളിന്‍റെ ഓരോ മുക്കും മൂലയും ചൂണ്ടി വിൽസൺ മാഷിന് പറയാൻ ഒരുപാട് കഥകളുണ്ട്... വിൽസൺ മാഷ് പറഞ്ഞു തുടങ്ങുന്നു...
‘ഞാൻ ഏറ്റവും ഒടുവിൽ പഠിപ്പിച്ചിരുന്നത് 7A, 7B ക്ലാസുകളിലായിരുന്നു. ക്ലാസ് ടീച്ചറോ അധ്യാപകരോ വരാതിരുന്നാൽ എനിക്ക് ഈ രണ്ടു ക്ലാസ്സിന്‍റെയും ചുമതല ഉണ്ടായിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. ഗ്രൗണ്ട്, അതൊരു പ്ലാറ്റ്ഫോം പോലെ ആയിരുന്നു. സ്റ്റേജ് എല്ലാം ഉണ്ടായിരുന്നു യൂത്ത് ഫെസ്റ്റിവൽ, ആനിവേഴ്സറി എല്ലാം ആ സ്റ്റേജിൽ നടക്കുമ്പോൾ ഈ ഗ്രൗണ്ടിൽ കസേരയിട്ടും ഇരുന്നു നിന്നും ഒക്കെ കാണാൻ പറ്റുന്ന സൗകര്യമുണ്ടായിരുന്നു’
പ്രിയപ്പെട്ട വിദ്യാർഥികളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ...
‘ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ എല്ലാവരും, മരണപ്പെട്ടവരും എന്‍റെ പൂർവവിദ്യാർഥികളാണ്. ഒരാളെ എടുത്തു പറയാൻ കഴിയില്ല. അവരുടെ മുഖവും പ്രകൃതവും എല്ലാമാണ് മനസ്സിൽ കൂടി ഓടിക്കൊണ്ടിരിക്കുന്നത്.’
കുട്ടികളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദൂരെ ശാന്തമായൊഴുകുന്ന പുഴയെ നോക്കി. ‘പുഴയിലേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഈയൊരു ദുരന്തമാണ് ഈ പുഴ കൊണ്ട് അവസാനമായി സമ്മാനിച്ചത്’