അടുക്കളയിലെ മാളങ്ങളും പഴകി ദ്രവിച്ച മേൽക്കൂരയും വീണ്ടുകീറിയ ചുമരും. കാസർകോട് ചീമേനി ചെറുപ്പയിലെ അമ്മയുടെയും മക്കളുടെയും ദുരിതജീവിതമാണിത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ മൂന്നു കുട്ടികൾക്കും പ്രായമായ അമ്മയ്ക്കുമൊപ്പം കഴിഞ്ഞ രാത്രികളെ കുറിച്ച് പറയുമ്പോൾ ശ്യാമളയുടെ കണ്ണ് നിറയും.
ഈ കൂരയിലിരുന്ന് പഠിച്ചാണ് ശ്യാമളയുടെ മകൾ നന്ദന എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. മാസങ്ങൾക്ക് മുൻപ് വീടിനകത്ത് മാളങ്ങൾ രൂപപ്പെടാനും തുടങ്ങി. വലിയ മാളങ്ങളിലൂടെ ഇഴജന്തുക്കളും എത്തി തുടങ്ങി.
തൊഴിലുറപ്പ് തൊഴിലാളിയായ ശ്യാമള ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയെങ്കിലും പഞ്ചായത്ത് പരിഗണിച്ചില്ല. മക്കളുമായി പേടിക്കാതെ കഴിയാനൊരു വീട്. ഇഴജന്തുക്കളെ പേടിക്കാതെ മക്കൾക്ക് പഠിക്കാനൊരിടം. ഇതാണ് ഈ കുടുംബത്തിന്റെ സ്വപ്നം. അതിന് സുമനസ്സുകൾ കനിയണം.