തങ്ങളുടെ അശ്ലീല ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നതില് നടിമാർക്ക് വേദനയുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. നഗ്നത പ്രദർശിപ്പിക്കാൻ സമ്മർദമുണ്ടെന്നും പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നുവെന്നും നടിമാര്‍ വെളിപ്പെടുത്തി. ഇതിനെതിരെ പൊലീസിനെ സമീപിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. സിനിമാ വ്യവസായത്തിന്റെ പുറംമോടി തിളങ്ങുന്നതാണെന്നും അടിത്തട്ടില്‍ വേദനയുടെയും ആകുലതയുടെയും കാര്മേഘങ്ങളാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആദ്യ വരിയില് തന്നെ മുന്നറിയിപ്പുമായാണ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നത്. മിന്നും താരങ്ങളും സുന്ദരചന്ദ്രനുമായി ആകാശം വര്‍ണാഭമാണ്. എന്നാൽ പഠനങ്ങള് തെളിയിക്കുന്നത് മറ്റൊന്നാണ് . സ്ത്രീകള്ക്ക് പ്രാഥമികാവശ്യങ്ങള്ക്ക് പോലും സൗകര്യമില്ലെന്നും വെള്ളം കുടിക്കാറില്ലെന്നുമുള്ള ഞെട്ടിക്കുന്ന മൊഴികളും കമ്മിറ്റിക്ക് മുന്നിൽ പലരും നൽകിയിട്ടുണ്ട്.
മദ്യപിച്ചെത്തുന്നവര്‍ ഹോട്ടല്‍ മുറികളില്‍ മുട്ടുന്നത് പതിവാണ് . തുറക്കാന് വിസമ്മതിച്ചാല് ബലം പ്രയോഗിക്കും. ക്രിമിനല്‍ കുറ്റങ്ങള്‍ പലതും ഇവിടങ്ങളില്‍ നടന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു മലയാള സിനിമയിൽ 'പോക്സോ' പോലും ചുമത്തേണ്ട ലൈംഗിക കുറ്റകൃത്യങ്ങളുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. പക്ഷേ പ്രത്യാഘാതങ്ങള് ഭയന്ന് നിശബ്ദരായിരിക്കേണ്ട നിസഹായവസ്ഥയിലാണ് പലരും.
നടിമാരുടെ കുടുംബാംഗങ്ങള് പോലും ആക്രമത്തിന് ഇരയാവുമെന്ന് ഭയപ്പെടുന്നുന്നുണ്ട്. റിപ്പോർട്ടിലെ പേജ് നമ്പർ 55, 56 പേജുകളിൽ കാസ്റ്റിങ് കൗച്ചിനെപ്പറ്റിയാണ് വിശദികരിക്കുന്നത്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നുവെന്നും ജോലികിട്ടാന് ലൈംഗികമായി വഴങ്ങേണ്ട അവസ്ഥയെന്നും നടിമാര് ഹേമ്മ കമ്മിഷന് മുന്നിൽ വെളിപ്പെടുത്തി.
ഒരു അധ്യാപികയ്ക്കോ, എഞ്ചിനീയർക്കോ ഡോക്ടർക്കോ മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കോ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അവർ ജോലിക്ക് പോകുമ്പോൾ മാതാപിതാക്കളെ അവരുടെ ഓഫീസിലേക്ക് കൊണ്ടുപോകേണ്ടതില്ല. അവർക്ക് സുരക്ഷിതമായി ഓഫീസിലേക്ക് പോകാം. പക്ഷേ, തീർത്തും വ്യത്യസ്തമായ അവസ്ഥയാണ് മലയാള സിനിമയിൽ നിലനിൽക്കുന്നത്. തൊഴിലിന് പകരം ശരീരം നൽകണം എന്ന ഡിമാന്റ് മൂലം സ്ത്രീകൾ ഒറ്റയ്ക്ക് ജോലിക്ക് പോകാൻ ഭയപ്പെടുകയാണ്. സിനിമയിലെ സ്ത്രീകൾ സാധാരണ പൊലീസിനെ സമീപിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.