കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ച്ചാല്‍ ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപയെങ്കിലും കൂടുതലായി സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ കേരള ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്. പതിനാറാം ധനകാര്യ കമ്മീഷനോട് വിട്ടുവീഴ്ചയില്ലാതെ ഒരുമിച്ചുനിന്ന് ഉയർത്തേണ്ട ആവശ്യമാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മൂന്ന് രീതികളിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ധനകാര്യ കമ്മീഷന്റെ തീർപ്പ് പ്രകാരമുള്ള നികുതി വിഹിതവും ഗ്രാന്റുകളും. രണ്ടാമത്തെ ഏജൻസി പ്ലാനിംഗ് കമ്മീഷൻ ആയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള പദ്ധതി ധനസഹായം പ്ലാനിംഗ് കമ്മീഷനാണ് തീരുമാനിച്ചിരുന്നത്. മൂന്നാമത്തേത്, കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരം നൽകുന്ന ഗ്രാന്റുകളാണ്. ഇപ്പോൾ പ്ലാനിംഗ് കമ്മീഷൻ ഇല്ല. അതുകൊണ്ട് അവർ പങ്കുവച്ചിരുന്ന പദ്ധതി ധനസഹായം കേന്ദ്ര സർക്കാരിന് തന്നിഷ്ടപ്രകാരം ചെലവഴിക്കാം. ഇത് കണക്കിലെടുത്തുകൊണ്ടാണ് പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് വേണമെന്ന വാദക്കാരനായിരുന്നു മോദി. എന്നാൽ പ്രധാനമന്ത്രി ആയപ്പോൾ നിലപാട് മാറ്റി. 32-ൽ നിന്നും 42 ശതമാനമായി നികുതി വിഹിതം വർദ്ധിപ്പിച്ചുകൊണ്ടുള്ള പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാർശ തിരുത്താൻ ചെയർമാൻ വൈ.വി. റെഡ്ഡിയോട് ആവശ്യപ്പെട്ടു. പക്ഷേ, മുൻ റിസർവ്വ് ബാങ്ക് ഗവർണർ ആയിരുന്ന വൈ.വി. റെഡ്ഡി ഒരിഞ്ചുപോലും വഴങ്ങാൻ തയ്യാറല്ലായിരുന്നു.
താഴ്ന്ന തോതിൽ സംസ്ഥാനങ്ങൾക്കു പണം നൽകിയാൽ മതിയെന്ന അനുമാനത്തിൽ തയ്യാറാക്കിയ ബജറ്റ് ദൃതിപിടിച്ച് ആകെ പൊളിച്ചു പണിയേണ്ടി വന്നു. ചില ആനുകൂല്യ പ്രഖ്യാപനങ്ങൾ വേണ്ടെന്നു വച്ചു. എന്നിട്ടു മോദി പാർലമെന്റിൽ വർദ്ധനയുടെ ക്രെഡിറ്റ് എടുക്കാൻ പ്രസംഗവും നടത്തി. ആ പ്രസംഗത്തിൽ പാർലമെന്റിൽ ഒട്ടേറെ ചിരി ഉയർത്തിയ ഒരു പ്രയോഗമുണ്ടായിരുന്നു: “ചില സംസ്ഥാനങ്ങൾക്ക് ഇത്രയുമധികം പണം സൂക്ഷിക്കാൻ വലുപ്പമുള്ള ട്രഷറി ഉണ്ടാവില്ല.”
പിന്നെ മോദിയുടെ പ്രവർത്തനം മുഴുവൻ എങ്ങനെ വർദ്ധിച്ച വിഹിതത്തിനു തുരങ്കം വയ്ക്കാം എന്നുള്ളതായിരുന്നു. നികുതി വർദ്ധപ്പിക്കുന്നതിനു പകരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വർദ്ധിപ്പിച്ച് അദ്ദേഹം വിഭവസമാഹരണം നടത്തി. 2015-16-നും 2018-19-നും ഇടയിൽ ഇതുമൂലം സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ട തുക 5.26 ലക്ഷം കോടി രൂപ ആയിരുന്നു. ഇത് അന്നത്തെ ദേശീയ വരുമാനത്തിന്റെ 3 ശതമാനം വരും. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് 42 ശതമാനം വിഹിതം നൽകുന്നതിനു പകരം 32 ശതമാനമേ മോദി നൽകുന്നുള്ളൂ.
ഇങ്ങനെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. ഡബിൾ എഞ്ചിൻ സർക്കാർ എന്നുള്ള മുദ്രാവാക്യം ഈ ധനവിവേചനത്തിന്റെ ദുർഭഗസന്തതിയാണ്. ഇത് 2024-25-ലെ ബജറ്റിലാണ് ഏറ്റവും വികൃതമായ രൂപം കൈക്കൊണ്ടത്. ഭരണം ഉറപ്പിക്കാനായി ബീഹാറിനും ആന്ധ്രയ്ക്കും 45,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഈ രാഷ്ട്രീയ വിവേചനമാണ് ബജറ്റ് സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമർശനം.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം നികുതി വിഹിതത്തിനുവേണ്ടി ശക്തമായ പ്രക്ഷോഭം സംസ്ഥാനങ്ങളുടെ ഒരു ഫെഡറൽ മുന്നണിക്കു രൂപം നൽകണം. ഇതായിരുന്നു ചെന്നൈയിലെ എം.എസ്. സുബലക്ഷ്മി ആഡിറ്റോറിയത്തിൽ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെക്കുറിച്ച് ഞാൻ നടത്തിയ പ്രഭാഷണത്തിന്റെ ചുരുക്കം. ഏഷ്യൻ കോളേജ് ഓഫ് ജേർണലിസവും ഭാരതി പുത്തകാലയവും സംയുക്തമായിട്ടാണ് പ്രഭാഷണം സംഘടിപ്പിച്ചത്. ശശികുമാർ ആയിരുന്നു അദ്ധ്യക്ഷൻ. എൻ. റാം ആമുഖപ്രഭാഷണവും വെങ്കിടേശ് ആത്രേയ അഭിപ്രായങ്ങളും പറഞ്ഞു. ജേർണലിസം കുട്ടികൾ ആയിരുന്നു സദസിൽ നല്ലൊരുപങ്ക്. അതുകൊണ്ട് ചോദ്യങ്ങളുടെ പെരുമഴ ആയിരുന്നുവെന്നും അദ്ദേഹം കുറിച്ചു.