മകളുടെ മാമോദിസ ചടങ്ങിനായി വച്ച പണം വയനാടിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നല്‍കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിന്‍ വര്‍ക്കി. മാമോദിസ ചടങ്ങിന്റെ സൽക്കാരത്തിന് വച്ചിരുന്ന പണം വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ വഴി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുകയാണെന്നും ഉരുള്‍പൊട്ടലില്‍ ഉപ്പയും സഹോദരങ്ങളെയും നഷ്ടപ്പെട്ട നൈസ മോളെ കണ്ടപ്പോള്‍ ഭാര്യയുമായി ചേര്‍ന്ന് എടുത്ത തീരുമാനമാണെന്നും അബിന്‍ പറയുന്നു
കുറിപ്പ്
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിക്കുന്ന നൈസ മോളുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദുരന്തം ഉണ്ടായി രണ്ടാം ദിവസം കൽപ്പറ്റ മൂപ്പൻസ് ആശുപത്രിയിൽ പ്രതിപക്ഷ നേതാവിനോടൊപ്പം ദുരന്തബാധിതരെ സന്ദർശിക്കാൻ പോയപ്പോൾ കണ്ടതാണ് നൈസ മോളെ. മേലാസകലം പരിക്കുപറ്റി കിടന്ന നൈസ മോൾ ഞങ്ങളെ കണ്ട ഉടൻ പ്രതിപക്ഷ നേതാവിന്റെ അടുക്കലേക്ക് ചെല്ലുകയും, പോക്കറ്റിൽ കിടന്ന പേന എടുക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകുകയും ഒക്കെ ചെയ്തു. ഞാനും രാഹുലും ടി സിദ്ധിഖ് അടക്കമുള്ള ആളുകളോടും ഒത്തിരി നേരം സംസാരിച്ചു നൈസ മോൾ. തിരിച്ചുവരാൻ നേരം നൈസ മോളുടെ ഉപ്പയും ഉമ്മയും എവിടെ എന്ന് ചോദിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന ബന്ധു മറുപടി പറഞ്ഞത്. ഉപ്പയെയും സഹോദരങ്ങളേയും കാണാനില്ല എന്നും ഉമ്മ പരിക്കുകളോടെ മറ്റൊരു കട്ടിലിൽ കിടക്കുന്നുണ്ട് എന്നതും. സത്യത്തിൽ ആ മറുപടി ഞങ്ങൾക്ക് വലിയ വേദനയായിരുന്നു സമ്മാനിച്ചത്. ഈ വലിയ നഷ്ടങ്ങൾക്കിടയിലും നിഷ്കളങ്കമായി ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന നൈസ മോളെ കണ്ട അന്ന് ഞാനും ഗീതവും ഒരുമിച്ച് ഒരു തീരുമാനമെടുത്തതാണ്.
ഞങ്ങളുടെ ഋദ്ധി മോൾക്ക് നാലുമാസം പ്രായമായി. വിശ്വാസപ്രകാരമുള്ള മാമോദിസ ചടങ്ങുകൾ നടത്തേണ്ടത് ആയിട്ടുണ്ട്. മാമോദിസ ചടങ്ങുകളോട് അനുബന്ധിച്ചുള്ള സ്നേഹവിരുന്ന് സാധാരണഗതിയിൽ ആഘോഷമായാണ് നടത്താറുള്ളത്. മാമോദിസ ചടങ്ങിന്റെ സൽക്കാരത്തിന് വച്ചിരുന്ന പണം,അത് ഒഴിവാക്കിക്കൊണ്ട് വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ വഴി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുകയാണ്. കഴിഞ്ഞദിവസം ഋദ്ധി മോളെ കാണാൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എന്റെ മാതാപിതാക്കളുടെയും സഹോദരൻ അരുൺ വർക്കിയുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ ഞങ്ങൾ ആ ചെക്ക് കൈമാറി. നൈസ മോളെ പോലെയുള്ള ആയിരക്കണക്കിന് ആളുകളാണ് വലിയ ദുരിതത്തിലാഴ്ന്ന് ആ ഭൂമിയിൽ ഇന്നും ജീവിച്ചിരിക്കുന്നത്. നമ്മെക്കൊണ്ടാവുന്ന രീതിയിൽ അവർക്കൊരു ചെറിയ കൈത്താങ്ങാകാം.
ഈ 17ന് ഞങ്ങളുടെ ഋദ്ധി മോളുടെ മാമോദിസ ചടങ്ങുകൾ മാത്രമായി നടക്കുകയാണ്. ഏവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.