Untitled design - 1

ആളുകളേയും കയറ്റി വണ്ടികളങ്ങനെ വീണ്ടും ചൂരമലയിലേയ്ക്കെത്തുകയാണ്.  സീറ്റുകളിലിരിക്കുന്നവർ പഴയപോലെ മിണ്ടുന്നില്ല.  നോക്കുന്നില്ല. വണ്ടികളിലുള്ളത് ഘനീഭവിച്ച മൗനമാണ്. 

 

രണ്ടാഴ്ച്ചക്കപ്പുറം തേയില കാട്ടിലൂടെ ആനവണ്ടിയിങ്ങനെ നീങ്ങുമ്പോൾ നല്ല രസമായിരുന്നു. മഞ്ഞു തലോടി. ഇളംകാറ്റ് പുതപ്പിച്ചു. ഇന്ന് വളയം പിടിക്കുന്നവന് കൈവിറയ്ക്കുന്നുണ്ട്. ചീട്ടുമുറിക്കുന്നവന് തൊട്ടയിടറുന്നുണ്ട്. അകത്ത് തീരാ നോവും നിറച്ചാണ് വണ്ടി പോകുന്നത്.

ഇല്ലാതായിപ്പോയ അവരുടെ നഗരത്തിലേയ്ക്കാണ് പോക്ക്. ഉള്ളിലവർ പോകുന്നത് ഓടിയിറങ്ങിയ ആ നാട്ടിലേയ്ക്കാണ്. വീടു തേടിയാണ്. കാണാത്തവരെ തിരഞ്ഞാണ്. 

ബസ്സിറങ്ങി ചങ്കുപ്പൊട്ടിയാണ് നടപ്പ്. സ്കൂളെത്തിയപ്പോൾ അഭിനന്ദും, റിഷാലും നിന്നു. ദുരന്ത ശേഷം സ്കൂളിനെയവർ ആദ്യം കാണുകയാണ്.

അപ്പോഴും ബസ്സിൽ നിന്നിറങ്ങി നിയന്ത്രണങ്ങളും കടന്ന്  ജുമൈല പൊട്ടി, ഒഴുകിയ ഭൂമിയിലൂടെ നടന്നു. തറവാടാണ് ലക്ഷ്യം. ബന്ധുവിനൊപ്പം പുതുക്കിപ്പണിത തറവാടിനെയും ഉരുൾ കൊണ്ടുപോയിരുന്നു.

നടപ്പൊടുവിൽ ഒരു കൽക്കൂട്ടത്തിലെത്തി. അവിടെയെവിടയൊ അവരുടെ തറവാടു ണ്ടായിരുന്നു. ഒടുവിൽ പാതി തകർന്നൊരു വീടു നോക്കി പറഞ്ഞു. ഇവിടെയെവിടെയൊ ആയിരുന്നു ഞങ്ങൾ കുടുംബക്കാരൊത്തു ചേരുന്ന ആ തറവാട്. 

ENGLISH SUMMARY:

Chooralmala landslide ksrtc journey