മുണ്ടക്കൈ പുഴയ്ക്ക് മുകളിലൂടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ റോപ് റെസ്ക്യു ചെയ്ത ദൃശ്യം നെഞ്ചിടിപ്പോടെയല്ലാതെ കാണാന്‍ സാധിക്കില്ല. കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ചത് കോഴിക്കോട് വെള്ളിമാട്‌കുന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ നിഖില്‍ മല്ലിശേരിയാണ്. ജീവന്‍ പണയം വെച്ച് കയറിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്‍റെ സന്തോഷമാണ് നിഖിലിന്.
തൊട്ടിലില്‍ എന്ന പോലെ നിഖിലിന്‍റെ കൈയില്‍ ആ കുഞ്ഞ് കിടന്നു. ആകാശം നോക്കി ഒന്നു കരയുകയും പോലെ ചെയ്താതെ. ഒരുപക്ഷേ ആ കുഞ്ഞ് അറിഞ്ഞിരിക്കും. ഏറ്റവും സുരക്ഷിതമായ കൈകളിലാണ് താന്‍ ഉള്ളതെന്ന്. നിരവധി തവണ റോപ് റെസ്ക്യൂ നടത്തിയ നിഖിലിന്‍റെ ഉള്ളിലൊരു പേടിയുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല കുത്തിയൊലിക്കുന്ന ആ പുഴ തന്നെ.
ഉരുള്‍പൊട്ടലിനെ അതിജീവിച്ച ആല്‍മരത്തിലും ജെസിബിയിലുമായാണ് റോപ് ഒരുക്കിയത്. കുഞ്ഞിന്‍റെ അമ്മയെയാണ് ആദ്യം സുരക്ഷിതസ്ഥാനത്ത് എത്തിച്ചത്. പുലര്‍ച്ചേ മൂന്നുമണിയോടെയാണ് അവധിയിലുണ്ടായിരുന്ന നിഖില്‍ ചൂരല്‍മലയിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് പോയത്. അപ്പോഴേക്കും നിഖിലിനെ കോഴിക്കോട് പെരുവയലിലെ വീട്ടിലെ വെള്ളം കയറി തുടങ്ങിയിരുന്നു. നിഖില്‍ അഗ്നിശമനസേനാംഗമായിട്ട് ഒമ്പതുവര്‍ഷമായി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും കോഴിക്കോട് കട്ടിപ്പാറയിലടക്കം രക്ഷാപ്രവര്‍ത്തം നടത്തിയിട്ടുണ്ട്.