വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു. മുണ്ടക്കൈയിലും ചൂരല്‍മലയിലും കാണാതായവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരും മഹാദുരന്തത്തിന്‍റെ നടുക്കത്തില്‍ നിന്നും മുക്തരായിട്ടില്ല. ദുരന്തഭൂമിയില്‍ ദൗത്യംസംഘം തിരച്ചില്‍ നടത്തുമ്പോള്‍ പ്രിയപ്പെട്ടവരെ തേടി അലയുന്നവരും നിരവധിയാണ്. അക്കൂട്ടത്തില്‍ ദുരന്തഭൂമിയില്‍ തന്‍റെ ഏക മകള്‍ക്കായി കാത്തിരിക്കുകയാണ് ഒരച്ഛന്‍.
നാടിനെ ഉരുള്‍പൊട്ടല്‍ കവര്‍ന്ന വാര്‍ത്തയറിഞ്ഞാണ് പ്രവാസിയായ അഭിലാഷ് നാട്ടിലെത്തിയത്. വെളളാര്‍മല സ്കൂളിന് സമീപമായിരുന്നു അഭിലാഷിന്‍റെ കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ ഉരുള്‍പൊട്ടലില്‍ അഭിലാഷിന്‍റെ വീട് അപ്പാടെ തകര്‍ന്ന് ഇല്ലാതായി. വീടിരുന്നിടത്ത് തറ മാത്രം ബാക്കിയായി. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ അഭിലാഷിന്‍റെ അച്ഛനും അമ്മയും ഭാര്യയും മകളും അകപ്പെട്ടു. മണ്ണും ചെളിയും പാറകള്‍ക്കുമൊപ്പം കുത്തിയൊലിച്ച് വെളളാര്‍മല സ്കൂള്‍ കെട്ടിടത്തിന് സമീപം വന്നടിഞ്ഞു. ആ പ്രദേശത്തുണ്ടായിരുന്ന ചിലരാണ് അഭിലാഷിന്‍റെ അമ്മയെയും ഭാര്യയെയും അച്ഛനെയും രക്ഷിച്ച് കരയ്ക്ക് കയറ്റി സുരക്ഷിതരാക്കിയത്.
എന്നാല്‍ മകളെ മാത്രം കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും മണ്ണിനും ചെളിക്കും ഒപ്പം താഴേക്ക് ഒഴികിയപ്പോഴും മകളെ ഭാര്യ ചേര്‍ത്തുപിടിച്ചിരുന്നതായി അഭിലാഷ് പറയുന്നു. എന്നാല്‍ വെളളാര്‍മല സ്കൂളിന് സമീപത്ത് വച്ച് ഭാര്യയുടെ കയ്യില്‍ നിന്നും മകള്‍ നഷ്ടമായി. ഒരേയിടത്ത് തന്നെ അച്ഛനും അമ്മയും ഭാര്യയും ഒഴുകിയെത്തിയെങ്കിലും മകളെ മാത്രം കണ്ടെത്താനായില്ല. ബാക്കി മൂവരും ഒരേ സ്ഥലത്ത് തന്നെ ഒഴുകിയെത്തിയതിനാല്‍ മകളും ആ ഭാഗത്ത് തന്നെ എവിടെയെങ്കിലും വന്ന് വീണിരിക്കാനാണ് സാധ്യതയെന്നും അഭിലാഷ് പറയുന്നു.
മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെട്ട അഭിലാഷിന്‍റെ അമ്മയും അച്ഛനും ഭാര്യയും വിംമ്സ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അഭിലാഷിന്‍റെ ഏകമകളാണ് ഒന്‍പത് വയസുകാരിയായ അഹന്യ. മകള്‍ക്കായി കഴിഞ്ഞ നാലു ദിവസമായി കാത്തിരിക്കുകയാണ് പിതാവ് അഭിലാഷ്. 18 വര്‍ഷക്കാലമായി ഒമാനില്‍ ജോലി ചെയ്യുന്ന അഭിലാഷ് ജോലി നിര്‍ത്തി നാട്ടില്‍ സ്ഥിരതാമസമാക്കാനിരിക്കവെയാണ് ദുരന്തവാര്‍ത്ത അഭിലാഷിനെ തേടിയെത്തിയത്.
വെളളാര്‍മല സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അഹല്യ. വീടിനടുത്തുളള സ്കൂളിന്‍റെ പരിസരത്ത് നിന്നാണ് മറ്റുമൂവരെയും ലഭിച്ചത്. അതിനാല്‍ അവിടെ തന്നെ എവിടെങ്കിലും തന്‍റെ പൊന്നോമനയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിതാവ് അഭിലാഷ്. വീട് നശിച്ചതിന്‍റെയും വിഷമം തനിക്കില്ല. ഒന്നുമില്ലാത്തിടത്ത് നിന്നാണ് താന്‍ വന്നതെന്നും ആയുസും ആരോഗ്യവുമുണ്ടെങ്കില്‍ വീണ്ടുമെല്ലാം ഉണ്ടാക്കാം. അത് പോലെ അല്ലല്ലോ ജീവന്‍ പോയാല്‍ കിട്ടില്ലല്ലോ? എനിക്കെന്‍റെ മോളെ മാത്രം കിട്ടിയാല്‍ മതി എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് പിതാവ് അഭിലാഷ്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി വെളളാര്‍മലയില്‍ തിരച്ചില്‍ ഊര്‍ജിതമാണെങ്കിലും അഹന്യയെ ഇതുവരെയും കണ്ടെത്താനായില്ല. ഇത്രയും ദിവസമായില്ലേ? മകള്‍ എവിടെയെങ്കിലും ഉണ്ടാകും. ആ ഒരു പ്രതീക്ഷയിലാണ് ഇപ്പോഴും ഞാന്‍ നടക്കുന്നതെന്ന് പിതാവ് അഭിലാഷ് പറയുന്നു.