മരണം മുന്നിൽക്കണ്ട രാത്രിയിലാണ് സഫിയയും സിറാജും മക്കളെയും എടുത്ത് വീട് വിട്ടോടിയത്. ആദ്യം ഉരുൾ പൊട്ടി വീട്ടിലേക്ക് വെള്ളം കയറി തുടങ്ങിയപ്പോഴേക്കും, സഫിയയും സിറാജും കുന്നിൻ മുകളിലേക്ക് ഓടുകയായിരുന്നു. മല മുകളിലേക്ക് എങ്ങനെ കയറിയെന്ന് സഫിയക്ക് ഇപ്പോഴും ഓർമയില്ല. വീണും ഉരുണ്ടുമാണ് എങ്ങനെയെങ്കിലും മുകളിലേക്ക് മക്കളെയും പിടിച്ചു കയറിയത്. ആകെ ഉണ്ടായിരുന്ന ഓട്ടോ റിക്ഷയും വീടും പോടെന്ന് സിറാജും വിലപിക്കുന്നു.
ഉള്ളുലച്ച് ഉരുൾ പൊട്ടിയിറങ്ങിയ ഇടത്തേക്ക് ഒരു തിരിച്ചു പോക്കുണ്ടാവുമോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഇതുപോലെ മേപ്പാടിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതവും പേറി നൂറുകണക്കിന് പേരാണുള്ളത്. ഭാവി എന്താണെന്ന് അറിയാതെ മരിച്ചതിന് തുല്യം ജീവിക്കുന്ന കുറേയെറെ മനുഷ്യർ..
വയനാട് ഉരുള്‍പൊട്ടലില്‍ 293 പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 149 മൃതദേഹങ്ങളാണ്. ദുരന്തഭൂമിയില്‍ ജീവനോടെ ഇനി ആരുമില്ലെന്നാണ് സൈന്യം അറിയിക്കുന്നത്.
ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള്‍ കൂടി തുടരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി ഉറപ്പ് പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും. പതിനൊന്നുമണിയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ചൂരല്‍ മലയിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തരും മറ്റ് അധികൃതരുമായും ആശയവിനിമയം നടത്തി.