കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാദുരന്തമാണ് വയനാട്ടിലേത്. എല്ലാവരും കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോഴും, ഉരുൾ പൊട്ടലിൽ പാലം തകർന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ പ്രതികൂല കാലാവസ്ഥയിലും, ദിവസങ്ങളുടെ അധ്വാനത്തിൽ ചൂരല്‍മലയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നു. സൈനിക വാഹനം കയറ്റി പാലത്തിന്‍റെ ബലവും പരിശോധിച്ചു. ഈ പാലം നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് സൈന്യത്തിലെ ഒരു വനിതാ ഉദ്യോഗസ്ഥയാണ്. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് പറയുന്നവർക്കുള്ള ഉത്തരമാണ് മേജർ സീത ഷെൽക്കെ. ചൂരല്‍മലയിലെ ദുരന്ത ഭൂമിയിൽ ബെയ്‌ലി പാലം പൂർത്തിയാക്കിയ സൈന്യത്തിന്റെ എൻജിനീയറാണ് അവർ. അതെ.. ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക പാലം അവിടെ നിർമ്മിച്ചിരിക്കുന്നു. ഇനി വാഹനങ്ങൾക്കും മറ്റും അങ്ങോട്ടേക്ക് എത്തുവാനും രക്ഷാപ്രവർത്തനം നടത്തുവാനും എളുപ്പമായി. പാലം പണി പൂർത്തിയായതോടെ, ഇന്ത്യൻ ആർമിയെയും മേജർ സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. ദുരന്തമുഖങ്ങളിൽ ആർമി എത്തി എന്ന വാർത്ത കേട്ടാൽ പോലും പകുതി സമാധാനമാവുമെന്ന് അഭിപ്രായപ്പെടുന്നു ഭൂരിഭാഗം പേരും. വയനാട് ഉരുള്‍പൊട്ടലില്‍ മരണം 296 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 23 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെ തുടരുകയാണ്. ഇതുവരെ 152 മൃതദേഹങ്ങളാണ് നിലമ്പൂര്‍, പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തത്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴ പലപ്പോഴും തിരച്ചിലിന് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.