മരണസംഖ്യയുടെ കാര്യത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപ്പൊട്ടലാണ് വയനാട്ടിൽ സംഭവിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുണ്ടക്കൈയിലും ചൂരൽമലയിലും നിലവിളികള്‍ മാത്രമാണുള്ളത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തേക്ക് നോക്കി കേരളം വിങ്ങുമ്പോള്‍ കൈറ്റ് സി.ഇ.ഒ, കെ. അൻവർ സാദത്ത് എഴുതിയ ഒരു കുറിപ്പാണ് സൈബറിടത്ത് വൈറലാകുന്നത്. ഉരുള്‍ െപാട്ടലുണ്ടായ വെള്ളാർമല സ്കൂളിലെ കുട്ടികള്‍ എഴുതിയ മാഗസിന്‍റെ അവസാന ഭാഗത്ത്  ഒരു കഥയുണ്ടെന്നും ആ കഥയുടെ അവസാനം  വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ എന്ന് ഒരു കിളി കുട്ടികളോട് പറയുന്നുണ്ടെന്നും അൻവർ സാദത്ത് പറയുന്നു. 

കുറിപ്പ്

വയനാട്ടിലെ വെള്ളാർമല സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' കുട്ടികൾ തയ്യാറാക്കിയ  ഡിജിറ്റൽ മാഗസിന്‍റെ പേരാണ്  "വെള്ളാരങ്കല്ലുകൾ".

എന്‍റെ പുഴയെന്നും, ഈ കുളിരരുവിയുടെ തീരത്ത് എന്നും മറ്റും നാടിന്‍റെ സൗഭാഗ്യങ്ങളെ കുറിച്ച് നിറയെ എഴുതിയിട്ടുണ്ട് അവർ .  തന്‍റെ നാടിന്‍റെ മനോഹാരിതയും പ്രകൃതി ഭംഗിയും എല്ലാമാണ് അധികം പേജുകളിലും.

മാഗസിന്‍റെ അവസാനം ഒരു കഥയാണ്. കഥയുടെ അവസാന ഭാഗത്ത്  ‘ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ ’ എന്ന് ഒരു കിളി കുട്ടികളെ ഓർമിപ്പിക്കുകയാണ്. കണ്ണീർപ്പൂക്കളോടെ