99ലെ മഹാപ്രളയത്തിന് നൂറു വയസ് തികയുമ്പോൾ എറണാകുളം ആലുവയിലെ ഒരു തറവാട് ശ്രദ്ധാകേന്ദ്രമാവുകയാണ്. രണ്ട് പ്രളയങ്ങൾ അതിജീവിച്ചാണ് ആലുവ പറമ്പയത്തെ എളമന വീട് തലയെടുപ്പോടെ നിൽക്കുന്നത്. രണ്ട് പ്രളയത്തിലും കുലുങ്ങാത്ത വീടിനെ സംരക്ഷിക്കാൻ തന്നെയാണ് കുടുംബത്തിൻ്റെ തീരുമാനം.
1924ലെ മഹാപ്രളയത്തിൽ പെരിയാറിലൂടെ ഒഴുകിയെത്തിയ വെള്ളം എണ്ണിയാലൊടുങ്ങാത്ത മനുഷ്യരെയും, നിർമ്മിതികളെയുമാണ് കൊണ്ടുപോയത്. എന്നാൽ ആ വെള്ളത്തിന് ആലുവ പറമ്പയത്തെ എളമന വീടിനെ ഒരിഞ്ചുപോലും കുലുക്കാനായില്ല. കൂട്ടുകുടുംബമായിരുന്നു അന്ന് ഈ വീട്ടിൽ. കിഴക്കൻ മേഖലകളെ തകർത്തെറിഞ്ഞെത്തുന്ന പ്രളയത്തെക്കുറിച്ച് വാമൊഴിയായി ലഭിച്ച സന്ദേശങ്ങൾ മാത്രമായിരുന്നു ലഭ്യം. ഇതറിഞ്ഞ് മച്ചിനു മുകളിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച്, പുറത്ത് വളളവുമായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പിതാവ് എ.എ.കെ മുഹമ്മദ് പകർന്ന് നൽകിയ ആ ഓർമകൾ ഈ വീട്ടിലെ പിൻതലമുറക്കാരനായ അഡ്വ. എ.കെ.സെയ്ത് മുഹമ്മദിൻ്റെ മനസിൽ മായാതെ കിടക്കുന്നുണ്ട്.
ഇനിയൊരിക്കലും മറ്റൊരു പ്രളയത്തിന് സാക്ഷിയാകേണ്ടി വരില്ലെന്ന് കരുതിയിരിക്കുമ്പോൾ 2018 ൽ വീണ്ടും പെരിയാർ ഈ വീട്ടിലേക്കെത്തി. എന്നാൽ 1924 ലെ പ്രളയത്തെക്കാൾ ഒരടിയിൽ താഴെ വെള്ളം മാത്രമാണ് 2018 ലെത്തിയത്. രണ്ട് പ്രളയത്തിന്റെയും ജലനിരപ്പ് വീട്ടിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ടുതവണയും ഇളകാത്ത വീട് പൊളിക്കാതെ സംരക്ഷിക്കാൻ തന്നെയാണ് കുടുംബത്തിൻ്റെ തീരുമാനം.