ഒരു വീട് നിറയെ കൂണ്‍ കൃഷി.. കണ്ണൂര്‍ ചാമ്പാട് സ്വദേശി ചിത്രലേഖ കൂണ്‍ കൃഷിയ്ക്കായി ഒരു വീട് തന്നെ വാങ്ങിയാണ് വ്യത്യസ്തയാവുന്നത് . കൂണിനൊപ്പം വിത്തുല്‍പാദനവും വിപണനവും നടത്തി മികച്ച വരുമാനമാണ് ചിത്രലേഖ നേടുന്നത്.
ഉണ്ടായിരുന്ന ജോലി വരെ രാജിവെച്ചാണ് ചിത്രലേഖ കൂണ്‍ കൃഷിയിലേക്ക് പൂര്‍ണമായും തിരിഞ്ഞത്.. ജോലി കളഞ്ഞതില്‍ ഖേദിക്കേണ്ടി വന്നിട്ടില്ല. കൃഷി അത്രമേല്‍ വിജയം. 2009 ല്‍ ഒരു മുറിയില്‍ നിന്ന് തുടങ്ങിയതാണ്. പിന്നീട് കൃഷിയ്ക്ക് മാത്രമായി മറ്റൊരു വീട് തന്നെ വാങ്ങി. ദിവസവും പലയിടങ്ങളില്‍ നിന്നും കൂണിനായി ഫോണ്‍ കോളുകള്‍. പത്ത് കിലോയോളം നിത്യേന വിറ്റുപോകും.
വിദേശത്തായിരുന്ന ഭര്‍ത്താവും ചിത്രലേഖയ്ക്കൊപ്പമാണ്. കൂണ്‍ കൃഷി കുടുംബത്തിന്‍റെ തലവര തന്നെ മാറ്റി. കരുത്തുള്ള കൂണിനകത്ത് നിന്ന് കള്‍ചറെടുത്താണ് വിത്തുല്‍പാദനം. വിവിധ പ്രകിയയിലൂടെ കടത്തിവിട്ട് ഉല്‍പാദിപ്പിക്കുന്ന വിത്തുകള്‍ക്കും ആവശ്യക്കാരേറെ.