Treasure-found-in-Kannur

TOPICS COVERED

കണ്ണൂര്‍ ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിയിലെ വസ്തുക്കള്‍ക്ക് മൂന്നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പുരാവസ്തു വിദഗ്ധരുടെ പ്രാഥമിക നിഗമനം.പതിനേഴ്–പതിനെട്ട് നൂറ്റാണ്ടുകളിലെ വസ്തുക്കളാണിത്. ദൃശ്യങ്ങളില്‍ കണ്ടതനുസരിച്ച് നാണയങ്ങളില്‍ ഫ്രഞ്ച് പുത്തന്‍ എന്ന് അറിയപ്പെട്ടിരുന്ന മാഹിപ്പണം, ആലി രാജയുടെ പണം എന്നറിയപ്പെട്ടിരുന്ന നാണയങ്ങള്‍,വെനീഷ്യന്‍ നാണയങ്ങള്‍ എന്നിവ ഉണ്ടെന്ന് സംശയിക്കുന്നതായി സംസ്ഥാന പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ. ഇ.ദിനേശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ചെങ്ങളായി; പുരാതന വാണിജ്യകേന്ദ്രം

ചെങ്ങളായി ചരിത്രത്തിലെ ഏറെ വാണിജ്യപ്രധാനമുള്ള പ്രദേശമായിരുന്നുവെന്ന് കോഴിക്കോട് ഗവ. കോളജിലെ ചരിത്ര വിഭാഗം മേധാവിയായ ഡോ.പി.ജെ.വിന്‍സെന്‍റ് പറഞ്ഞു. അറേബ്യയുമായടക്കം വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു.വളപട്ടണം പുഴയിലൂടെ ചെങ്ങളായി മുതല്‍ ശ്രീകണ്ഠാപുരം വരെ ചരക്കുകളുമായി യാനങ്ങള്‍ സഞ്ചരിച്ചിരുന്നു. കൂര്‍ഗിലേക്കുള്ള കച്ചവടപാതയും കടന്നുപോകുന്നു.ടിപ്പുവിന്‍റെ പടയോട്ടത്തില്‍ ഉഴുതുമറിച്ച മണ്ണാണ് ഈ പ്രദേശം.പഴയ തറവാടുകളില്‍ മൂല്യമുള്ള വസ്തുക്കള്‍ നിധികുംഭങ്ങള്‍ സൂക്ഷിച്ചിരുന്നു.വിശദമായ പരിശോധനയിലൂടെ വസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ എളുപ്പമാണ്.

നിധി കണ്ടെത്തിയാല്‍ എന്തുചെയ്യണം?

നിധി കണ്ടെത്തിയാല്‍ അത് സൂക്ഷിക്കാനുള്ള അധികാരം റവന്യൂ വകുപ്പിനാണ്.റവന്യൂ വകുപ്പുമായി സഹകരിച്ച് പുരാവസ്തുവകുപ്പ് പരിശോധന നടത്തും. വിദഗ്ധര്‍ ചെങ്ങളായി സന്ദര്‍ശിക്കുമെന്നും ഡോ. ദിനേശന്‍ പറഞ്ഞു.നിധി കണ്ടെത്തിയാല്‍ പുറത്തുപറയാതെ രഹസ്യമാക്കി വയ്ക്കുന്ന പ്രവണത പലയിടത്തും കണ്ടിട്ടുണ്ട്. ചെങ്ങളായിയിലെ തൊഴിലാളികള്‍ പക്ഷേ ഉടന്‍ അധികൃതരെ അറിയിച്ചു. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ഡോ. പി.ജെ.വിന്‍സെന്‍റ് പറഞ്ഞു.സാമൂഹിക ഉത്തരവാദിത്തമാണ് അവര്‍ നിര്‍വഹിച്ചത്.1968ലെ കേരള ട്രഷര്‍ ട്രോവ് ആക്ട് പ്രകാരം, കണ്ടെത്തിയ നിധി മറച്ചുവയ്ക്കുന്നത്  ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും  പി.ജെ.വിന്‍സെന്‍റ് ഓര്‍മിപ്പിക്കുന്നു.

ENGLISH SUMMARY:

From Mahipanam to Venetian coinage; What is in the treasure found in Chengalai?