- 1

സൗരോര്‍ജ പദ്ധതിയായ പ്രധാനമന്ത്രി സൂര്യഘര്‍ യോജനയില്‍ രാജ്യത്ത് മൂന്നാംസ്ഥാനം നേടി കേരളം. സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചതിലൂടെ 27.07 കോടി രൂപയാണ് അഞ്ചുമാസത്തിനിടെ സംസ്ഥാനം നേടിയെടുത്തത്.  വിസ്തൃതിയിലും ജനസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശ് , മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം അഭിമാനനേട്ടം കൈവരിച്ചത്.  ഗുജറാത്ത് , മഹാരാഷ്ട എന്നീ സംസ്ഥാനങ്ങളാണ് ഒന്നുംരണ്ടും സ്ഥാനത്ത്.

സൗരോര്‍ജം ഉപയോഗിക്കുന്നതില്‍ കേരളം കുതിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി 24 പ്രഖ്യാപിച്ച പ്രധാനമന്ത്രി സൂര്യ ഘര്‍ യോജന പ്രകാരം  സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചതുവഴി 27.07 കോടിരൂപയാണ് സബ്സിഡി ഇനത്തില്‍ നേടിയത്. 730 കമ്പനികളെ പി.എം. സൂര്യഘര്‍  പദ്ധതിയിൽ  KSEB എംപാനല്‍ ചെയ്തു കഴിഞ്ഞു. ഈ പദ്ധതിവഴി  52 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍ പൂർത്തിയാക്കി. 17,000 പുരപ്പുറ സൗരോര്‍ജ പാളികള്‍ ഗാർഹിക ഉപഭോക്താക്കൾക്ക് സ്ഥാപിച്ചു. അഞ്ചുമാസംകൊണ്ടാണ് ഈ നേട്ടം.

സൂര്യഘര്‍ യോജന പ്രകാരം  സബ്സിഡി ഇനത്തില്‍ 146.99 കോടി രൂപ നേടിയ ഗുജറാത്താണ് ഒന്നാംസ്ഥാനത്ത് 28.68 കോടി രൂപ നേടിയ മഹാരാഷ്ട രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍  കേരളം കേവലം ഒരുകോടിയില്‍പ്പരം രൂപയുടെ വ്യത്യാസത്തില്‍ മൂന്നാംസ്ഥാനത്തെത്തി. വലിപ്പത്തിലും ജനസംഖ്യയിലും കേരളത്തെക്കാള്‍ ഏറെ മുന്നിലുള്ള ഉത്തര്‍ പ്രദേശിന് 10.44 കോടി രൂപമാത്രമെ നേടിയെടുക്കാന്‍ കഴിഞ്ഞുള്ളൂ. മധ്യപ്രദേശിന് ലഭിച്ചതാകട്ടെ 7.31 കോടി രൂപ. സ്വന്തമായി സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവരുടെ അധിക തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ കൂടുതല്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ സൗരോര്‍ജ പാളികള്‍ സ്ഥാപിക്കാന്‍ മുന്നോട്ടുവരുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. 

ENGLISH SUMMARY:

Kerala ranked third in the country in PM Surya Ghar Yojana