ടൂറിസം രംഗത്ത് ഒരു മിനി കുമ്പളങ്ങി ആകാനൊരുങ്ങി ആലപ്പുഴ പെരുമ്പളം ദ്വീപ്. പാലം വന്നാല്‍ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ ദ്വീപിലെത്തുമെന്നാണ് പ്രതീക്ഷ. അതിനായി, ഹോംസ്റ്റേകള്‍ ഇപ്പോഴേ റെഡിയായി തുടങ്ങി.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഓടിട്ട വീടായിരുന്നു ഇത്. ദ്വിപിലേക്കുള്ള ദുരിതയാത്രയില്‍ വലഞ്ഞ ഉടമസ്ഥര്‍, മറ്റൊരു ഇടം തേടി പോവുകയായിരുന്നു. ഏറെക്കുറഞ്ഞ ഉപേക്ഷിച്ച ഈ വീട്ടിലേക്ക് പിന്നീട് തിരിച്ചെത്തി. താമസിക്കാനല്ല,. നല്ലൊരു ഹോം സ്റ്റേ ആക്കി വീടിനെ മാറ്റിയെടുക്കാന്‍. പാലം ഈ വര്‍ഷമവസാനം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ചെയ്തതൊക്കെ. ഇതുപോലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍, വേമ്പനാട് കായല്‍ കടന്നെത്തുന്ന പുതിയ അതിഥികളെ കാണാന്‍ കാത്തിരിക്കുകയാണ്. കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിക്കാനെത്തുന്ന വിദേശ ടൂറിസറ്റുകളാണ് ലക്ഷ്യം. റിസോര്‍ട്ടുകളും ഉയരുന്നുണ്ട്, ദ്വീപില്‍. മുന്‍പ് സെന്‍റിന് 30,000 രൂപ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ക്ക് ഇപ്പോള്‍ ലക്ഷങ്ങളായി. ഉത്തരവാദിത്വ ടൂറിസം എന്ന ആശയമാണ് പഞ്ചായത്ത് മുന്നോട്ടുവെയ്ക്കുന്നത്.
ദ്വീപിനോട് ചുറ്റപ്പെട്ടുകിടക്കുന്ന വേമ്പനാട്ടുകായല്‍ തന്നെ പ്രധാന ആകര്‍ഷണം. കായലിനു കുറുകേയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലത്തിന്‍റെ മനോഹാരിത, കായലിലെ ചീനവലകള്‍...ഇതൊക്കെ സഞ്ചാരികളെ കൂട്ടുമെന്ന് ദ്വീപുകാര്‍ കണക്കു കൂട്ടുന്നു. പെരുമ്പളത്തിന്‍റെ തദ്ദേശീയ രൂചികളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ ഈ പച്ചത്തുരുത്തും തെളിഞ്ഞുവരികയാണ്. എല്ലാം ഒരു പാലം കാരണം.