ആലപ്പുഴ പെരുമ്പളം പാലം യാഥാര്‍ഥ്യമാകുന്നതോടെ, കായല്‍ കടക്കാനൊരുങ്ങി പെരുമ്പളം കുടമ്പുളി. ഡല്‍ഹിയില്‍ നടന്ന രാജ്യാന്തര വിപണന മേളയില്‍ ഹിറ്റായ കുടമ്പുളിയെ കാത്തിരിക്കുന്നത് ആഗോള വിപണി. ദ്വീപുകാരുടെ സാമ്പത്തികഭദ്രത കൂടി ഉറപ്പുവരുത്തുകയാണ് പാലവും കുടമ്പുളിയും.
മറ്റു കുടമ്പുളിയേക്കാള്‍ വലിപ്പവും നിറവും മണവും കൂടുതലുണ്ട്, പെരുമ്പളത്തെ കുടമ്പുളിയ്ക്ക്. പുറംതോടിനു നല്ല കട്ടിയാണ്. കറയോ ചവര്‍പ്പോ ഇല്ല. പുളിയും കൂടുതലുണ്ട്. മൂപ്പെത്തിയ പുളി ശേഖരിച്ച് പുകയിലിട്ട് ഉണക്കി മാസങ്ങള്‍ക്ക് ശേഷമാണ് വില്‍പനയ്ക്കെത്തിക്കുന്നത്. പഴക്കം കൂടിയാല്‍. പുളിയുടെ രുചിയും കൂടും.
എല്ലാ വീട്ടിലും, പുളിമരം. ഈ മരങ്ങള്‍ ദ്വീപിലേക്ക് ആര് കൊണ്ടുവന്നതെന്നോ, എന്ന് വന്നതെന്നോ ആര്‍ക്കുമറിയില്ല. ഓര്‍മ വെച്ച കാലം മുതല്‍ ദ്വീപുകാരുടെ മീന്‍കറിയില്‍ ഈ സ്സെഷല്‍ കുടമ്പുളിയുണ്ട്. മീന്‍ പ്രധാന വിഭവം ആയതുകൊണ്ടുമാകാം, കുടമ്പുളിയുമായുളള ദ്വീപുകാരുടെ ബന്ധം ഇത്ര ദൃഢമായത്.
പെരുമ്പളം പാലം വന്നാല്‍ കുടമ്പുളിയ്ക്കുണ്ടാകുന്ന വിപണി സാധ്യത വളരെ വലുതാണ്. വിദേശത്തേക്കുള്ള കയറ്റുമതി തന്നെയാണ് ലക്ഷ്യം. ഇപ്പോഴേ ആരാധകരുള്ള കുടമ്പുളിയുടെ വിപണി മൂല്യം പിന്നെയും കൂടും. കര്‍ഷകരുടെ സമയം തെളിയുമെന്നുതന്നെയാണ് പ്രതീക്ഷ.