എസ്കെ.പൊറ്റക്കാടും ബഷീറും ജീവിച്ചിരുന്ന നഗരം. എം.ടി വാസുദേവന്‍ നായർ ജീവിക്കുന്ന ഇടം. സാഹിത്യപ്രേമികളുടെ പറുദീസ. വിശേഷണങ്ങള്‍ ധാരാളമുള്ള കോഴിക്കോടിന് ഇന്ന് മുതല്‍ സാഹിത്യ നഗരം എന്ന പൊന്‍തിലകം കൂടി. യുനെസ്കോ തെരഞ്ഞെടുത്ത സാഹിത്യ നഗരമായി കോഴിക്കോടിനെ ഇന്ന് മന്ത്രി എം.ബി രാജേഷ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഒരുപിടി അക്ഷരങ്ങള്‍ മാത്രം കീശയിലാക്കി ജീവിച്ച കാഥികൻ എന്ന് എസ്കെ പൊറ്റക്കാടിനെക്കുറിച്ച് പറഞ്ഞത് എംടി വാസുദേവന് നായരാണ്. പലനാടുകള്‍ കണ്ടു നടന്ന പൊറ്റക്കാടിനെ നഗരം മാടിവിളിച്ചു കൊണ്ടിരുന്നു.ഏതോ ഉള്‍പ്രേരണയാല്‍ ഇവിടേക്ക് തിരികെ എത്തി ദേശത്തിന്റെ കഥ എഴുതി കഥാകാരന്‍. സഞ്ചാരലാഹിത്യകാരനെ വളർത്തിയ നഗരം മറ്റു പല സാഹിത്യകാരന്‍മാർക്കും പാലൂട്ടി. ബേപ്പൂർ സുല്‍ത്താന്റെ എഴുത്തില്‍ പ്രേമനഗരമായി.
മിഠായി തെരുവില്‍ ഇരുന്ന് എഴുത്തുകാരുടെ മക്കള്‍ ഇങ്ങനെ ഓർമ്മകളെ തിരിച്ചു പിടിക്കുന്നത് ജില്ലയ്ക്ക് സാഹിത്യ നഗരം എന്ന പദവികിട്ടിയതിന്റെ ആനന്ദത്തിലാണ്. നഗരത്തിന് ഇത് മിഠായി പോലെ മധുരമുള്ള ദിവസങ്ങളെന്ന് മേയർ.സാഹിത്യനഗര പ്രഖ്യാപനത്തോട് അനുബന്ധിച്ച് നഗരത്തിലെ പുസ്തക ശാലകളില്‍ മലയാളം പുസ്കതങ്ങള്‍ പ്രത്യേക ഇളവുണ്ടാകും. സാഹിത്യപെരുമപ്പേറുന്ന നഗരം ഇന്നു മുതല്‍ യുനെസ്കോ തിരഞ്ഞെടുത്ത പൈതൃക നഗരമാണ്. തെരുവും കഥാകാരനും മാറ്റങള്‍ക്കെല്ലാം സാക്ഷിയാകുന്നു.