പ്രവാസികളെ കുറിച്ചുള്ള വാര്‍ത്തകള്‍ , ചര്‍ച്ചകള്‍ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ദിവസങ്ങളാണ് ഇത്. കുവൈത്തിലെ ദാരുണമായ തീപിടിത്തം, ജീവന്‍നഷ്ടപ്പെട്ട മലയാളികളുടെ വേദനിപ്പിക്കുന്ന കഥകള്‍, അവരുടെ കുടുംബങ്ങളുടെ തീരാനോവും നിസാഹയതയും. മരണമടഞ്ഞവരുടെ ഭൗതികദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിയതിന് പിറകെ ലോകകേരള സഭയും തിരുവനന്തപുരത്തു ചേര്‍ന്നു. അതിന്‍റെ ഒൗചിത്യം ചര്‍ച്ചയായെങ്കിലും, 103 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത നാലാം സമ്മേളനത്തില്‍ ആഘോഷങ്ങളൊഴിവാക്കിയായിരുന്നു നടപടിക്രമങ്ങള്‍. മാത്രമല്ല പ്രതിനിധികളുടെ വാക്കുകളിലും ഗ്രൂപ്പ് ചര്‍ച്ചകളിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗങ്ങളിലും എല്ലാം കുവൈത്ത് ദുരന്തം, അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍, രക്ഷാ പ്രവര്‍ത്തനം എന്നിവയും നിറഞ്ഞു നിന്നു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപധനസഹായം പ്രഖ്യാപിച്ചത് കാരുണ്യത്തിനും അപ്പുറം പ്രവാസി കൂട്ടായ്മയെ അരക്കിട്ട് ഉറപ്പിക്കുന്നതുമായി.
ലോകകേരള സഭാ വേദിയില്‍ മാള്‍ട്ടയും വത്തിക്കാനും പോലുള്ള ചെറുരാജ്യങ്ങളില്‍ നിന്നുള്ള മലയാളികളും അമേരിക്കയും ഒാസ്ട്രേലിയയും യുഎഇയും പോലുള്ള വലിയ രാജ്യങ്ങളിലെ പ്രബല പ്രവാസി സമൂഹങ്ങളുടെ പ്രതിനിധികളും ഒരുമിച്ചു വന്നു. എന്താണ് ലോകകേരള സഭ കൊണ്ടുള്ള നേട്ടം, കഴിഞ്ഞ സമ്മേളനങ്ങളിലെ എന്തെല്ലാം തീരുമാനങ്ങള്‍ നടപ്പായി എന്ന ചോദ്യങ്ങളുയരുക സ്വാഭാവികം. അത് പൊതുഒാഡിറ്റിന് വിധേയമാകുകയും വേണം. പക്ഷെ ഇത്രയും രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങളെ ഒരുമിച്ചു കൊണ്ടുവരിക, അവര്‍ക്ക് കേരളവുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, അവരുടെ പ്രശ്നങ്ങള്‍ കേരള സര്‍ക്കാരും സമൂഹവും കേള്‍ക്കുക, കേരളത്തിന്‍റെ ആവശ്യങ്ങളും വെല്ലുവിളികളും പ്രവാസികളും അറിയുക എന്നത് പ്രധാനമാണ്, കേരളത്തിന്‍റെ മുന്നോട്ടുള്ള ഗതിക്ക് ഇത് അനിവാര്യവുമാണ്.
ലോകകേരള സഭയില്‍ ശ്രദ്ധേയമായ ഒരുപഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് 2023 ല്‍ നടത്തിയ പ്രവാസി സര്‍വെയുടെ പഠനമാണ് റിപ്പോര്‍ട്ടായി പുറത്തുവന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി പ്രവാസികളെ കുറിച്ച് ആഴത്തില്‍പഠിക്കുന്ന ഡോ.ഇരുദയരാജനാണ് റിപ്പോര്‍ട്ടിന്‍റെ പിന്നിലെ പ്രധാന ചാലകശക്തി. കേരളം അറിഞ്ഞിരിക്കേണ്ടതും ആഴത്തില്‍ ചര്‍ച്ചചെയ്യേണ്ടതുമായ ഏറെ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ 10 വീടെടുത്താല്‍ അതില്‍ രണ്ടെണ്ണത്തിലെങ്കിലും വിദേശത്തോ കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍സംസ്ഥാനങ്ങളിലോ ജോലിചെയ്യുന്നവരുണ്ട്. 10 ല്‍നാല് വീടുകളില്‍ നോണ്‍റസിഡന്‍റ് മലയാളികള്‍ അഥവാ വിദേശത്ത് ജീവിക്കുന്നവര്‍ ഉണ്ടെന്നും പഠനം പറയുന്നു. അപ്പോള്‍ എത്ര പ്രധാനമാണ് പ്രവാസി ജീവിതത്തെ കുറിച്ചുള്ള ഈ സമഗ്രപഠനമെന്ന് വ്യക്തം. യുഎഇയിലാണ് പ്രവാസിമലയാളികളിലേറെയും ഉള്ളത്. 20.2 ലക്ഷം പരാണ് കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളുടെ എണ്ണം. 10.8 ലക്ഷം പേര്‍ പ്രവാസജീവിതം മതിയാക്കി മടങ്ങിവന്നവരുണ്ട് നമുക്കിടയില്‍. അതായത് പ്രവാസി ബന്ധുവോ സുഹൃത്തോ ഇല്ലാത്ത ഒരുമലയാളിയും ഇല്ലെന്ന് ഈ പഠനം കാണിക്കുന്നു.
ജോലിതേടി പോകുന്നവരോടൊപ്പം വിദേശ പഠനത്തിന് പോകുന്നവുടെ എണ്ണവും കുതിച്ചുയരുന്നു എന്നതാണ് പ്രവാസത്തിലെ പുതിയ ട്രെന്‍ഡ് എന്ന് പഠനം പറയുന്നു. ഇതോടെ 17 വയസിനും 25 വയസിനും ഇടക്കുള്ളവരുടെ കേരളത്തിന് പുറത്തേക്കുള്ള കുത്തൊഴുക്കാണ് ഇത് വ്യക്തമാക്കുന്നത്. വിദേശത്ത് പഠിക്കാന്‍പോകുന്ന മലയാളികളില്‍ ഏറെയും , 30 ശതമാനവും, തിരഞ്ഞെടുക്കുന്നത് ഇംഗ്്ളണ്ടാണ്. കാനഡയാണ് രണ്ടാം സ്ഥാനത്ത് 21.4 ശതമാനം വിദ്യാര്‍ഥികള്‍ അവിടെ ഉന്നതപഠനത്തിന് പോകുന്നു. ജിഇസി രാജ്യങ്ങള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ 21 ശതമാനമുണ്ട്. രണ്ടരലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം ഉന്നതപഠനത്തിനായി കേരളം വിട്ടത്. പുറത്ത് പഠിക്കാന്‍പോകുന്നതില്‍ 45 ശതമാനവും പെണ്‍കുട്ടികളാണെന്നും സര്‍വെ വ്യക്തമാക്കുന്നു.
കേരളത്തില്‍ നിന്ന് വര്‍ഷം തോറും പുറത്ത് ജോലിചെയ്യാന്‍പോകുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരികയാണ്. വനിതകളുടെ പ്രവാസ തിരഞ്ഞെടുപ്പുകളിലും ചിലമാറ്റങ്ങള്‍ പഠനം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആകെ പ്രവാസികളില്‍ 19.1 ശതമാനം സ്ത്രീകളാണ്. ഇവരില്‍ 40 ശതമാനവും യൂറോപ്പ്, അമേരിക്ക, ഒാസ്ട്രേേലിയ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. പ്രവാസികളായ വനിതകളില്‍ 72 ശതമാനം പേരും ഡിഗ്രിയോ അതിനും മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്. പ്രവാസികളായ പുരുഷന്‍മാരില്‍ഡിഗ്രി തല വിദ്യാഭ്യാസം നേടിയത് 34 ശതമാനം മാത്രമാണ്. സ്ത്രീകള്‍ വിദേശത്ത് പോകുന്നതില്‍ മുന്നില്‍ കോട്ടയവും പിന്നില്‍മലപ്പുറവുമാണ്.
അടുത്ത ബന്ധുക്കളായ പുരുഷന്‍മാര്‍വിദേശത്തുപോയതിനാല്‍ 10 ലക്ഷം സ്ത്രീകളാണ് സംസ്ഥാനത്ത് ഒറ്റക്ക് ജീവിക്കുന്നവര്‍. കേരളത്തില്‍ അഞ്ചില്‍ ഒരു കുടുംബവും സ്ത്രീകള്‍ ചുമതല വഹിക്കുന്നതായതിന് പ്രധാനകാരണവും പുരുഷന്‍മാരുടെ പ്രവാസ ജീവിതമാണ്. ചെറുപ്പക്കാര്‍ പുറം നാടുകളിലേക്ക് ചേക്കേറുമ്പോള്‍ ഒറ്റക്കാവുന്ന മുതിര്‍ന്ന പൗരന്‍മാരും കേരളത്തില്‍ അനുദിനം കൂടിവരികയാണ് . ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ജനസംഖ്യാനിരക്കിലെ കുറവ് ഉര്‍ത്തുന്ന പുതിയ സാഹചര്യങ്ങള്‍.
2,16,893 കോടി രൂപയാണ് കേരളത്തില്‍ 2023 ല്‍ലഭിച്ച നിക്ഷേപമെന്ന് പ്രവാസി സര്‍വെ പറയുന്നു. ഇതിന്‍റെ 20 ശതമാനമായ 43,378 കോടി കേരളത്തിന് പുറത്തേക്ക് ഒഴുകിയെന്നും സര്‍വെ വെളിപ്പെടുത്തുന്നു. പുറത്തേക്കൊഴുകുന്ന പണത്തില്‍ വിദേശ പഠനത്തിനുള്ള ചെലവ് മുതല്‍ അഥിതിതൊഴിലാളിയുടെ വേതനം വരെ ഉള്‍പ്പെട്ടിട്ടുണ്ട്.
പലകാര്യങ്ങളിലും യൂറോപ്യന്‍രാജ്യങ്ങള്‍ക്ക് സമാനമായ ജീവിത സൂചികകള്‍, ജനസംഖ്യാ പാറ്റേണുകള്‍ അതോടൊപ്പം പഠനത്തിനും ജോലിക്കുമായി നാടുവിടുന്നവരുടെ എണ്ണത്തിലെ വളര്‍ച്ച– ഇവ ഒരുവശത്ത്. കേരളത്തില്‍ ഒറ്റക്കാവുന്ന സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍, ഇവര്‍ക്ക് വേണ്ട സോഷ്യല്‍സെക്യൂരിറ്റി നല്‍കാനുള്ള സംവിധാനത്തിന്‍റെ അഭാവം എന്നിവ മറുവശത്ത്. ഇക്കാര്യങ്ങള്‍ നമ്മുടെ സാമൂഹിക ജവിതത്തെയും സാമ്പത്തിക സ്ഥിതിയെയും വലിയതോതില്‍ബാധിക്കും എന്നതില്‍ സംശയമില്ല.
സവിശേഷമായ ഇന്നിന്‍റെ കേരളീയ സാഹചര്യമാണിത്. നിലവിലെ ഭരണ രീതികളും സമീപനവും കൊണ്ട് പരിഹാരം കാണാനാവുന്നതിലും വ്യാപ്തിയുള്ള പ്രശ്നങ്ങളും വെല്ലുവിളികളുമാണ് പ്രവാസികളും പ്രവാസികളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു നില്‍ക്കുന്ന ഒാരോമലയാളിയും നേരിടുന്നത്.
പ്രത്യേകിച്ച് വലിയ പ്രഖ്യാപനങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെയാണ് ലോകകേരള സഭ സമാപിച്ചത്. ഈ സമ്മേളനം എന്താണ് മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്– പ്രവാസികളുടെ, അവരുടെ കുടുംബങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ചചെയ്യാനും പരിഹാരം കാണാനും പരിഹാര നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും കേരളത്തില്‍ ഒരുസ്ഥിരം സംവിധാനം വേണം.അത് മിഷന്‍മോഡില്‍ പ്രവര്‍ത്തിക്കുകയും വേണം. ഒാരോമലയാളിയുടെ ജീവിതത്തെയും ആഴത്തില്‍സ്വാധീനിക്കുന്ന ഒന്നായി അതിനെ മാറ്റുകയും വേണം. ഒപ്പം ലോകെത്തെവിടെയുമുള്ള ഒരുമലയാളിക്ക് ഒരു അപകടം, കടുത്ത പ്രശ്നം, നിസഹായാവസ്ഥ ഉണ്ടായാല്‍ അത് കേള്‍ക്കാനും പരിഹാരം കാണാനും അവരെ ചേര്‍ത്തുപിടിക്കാനും മലയാളി സമൂഹത്തിനും കഴിയണം. അത് സര്‍ക്കാരിന്‍റെ മാത്രം ചുമതലയാക്കിമാറ്റാനും പാടില്ല.