ചിത്രം: facebook.com/AMAriffOfficial

TOPICS COVERED

തോറ്റ് തുന്നംപാടിയിരുന്ന കാലത്ത് എഴുതിയതാണെന്ന കുറിപ്പോടെ പഴയ കവിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മുന്‍ എം.പി എ.എം ആരിഫ്. ഒന്‍പത് വര്‍ഷം മുന്‍പത്തെ കവിതയ്ക്ക് കാലിക പ്രസക്തിയുണ്ടെന്ന് തോന്നുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അങ്ങനെ ഞാന്‍ മിണ്ടാപ്രാണിയായി' എന്നാണ് കവിതയുടെ പേര്. ആരുടെയും വികാരം വ്രണപ്പെടാതിരിക്കാന്‍ താന്‍ ഒരക്ഷരം മിണ്ടാതെയിരിക്കുകയാണെന്നാണ് കവിതയുടെ സാരം. 

കാരുണ്യത്തിന്‍റെ പ്രവാചകനെ ഐഎസുകാര്‍ തട്ടിക്കൊട്ട് പോയപ്പോള്‍ മുസ്​ലിം വികാരം വ്രണപ്പെടാതിരിക്കാന്‍ താന്‍ ഒന്നും മിണ്ടിയില്ലെന്നും ശ്രീരാമനെ സ്വയം സേവകര്‍ തട്ടിക്കൊണ്ട് പോയപ്പോള്‍ ഹിന്ദു വികാരം വ്രണപ്പെടാതിരിക്കാന്‍ താന്‍ ഒരക്ഷരവും മിണ്ടിയില്ലെന്നും ഗാന്ധിക്കണ്ണട ഗോഡ്സെയുടെ അനുയായികള്‍ തട്ടിക്കൊണ്ട് പോയപ്പോഴും താന്‍ സ്വച്ഛ് ഭാരത് വിരോധിയാകാതിരിക്കാന്‍ മൗനം പാലിച്ചെന്നും ആരിഫിലെ കവി പറയുന്നു. അയ്യങ്കാളിയും ഗുരുദേവനുമെല്ലാം അപഹരിക്കപ്പെട്ടുവെന്നും ഇതിനോടൊന്നും പ്രതികരിക്കാതെ താനൊരു മിണ്ടാപ്രാണിയായി മാറിപ്പോയെന്നും തട്ടിക്കൊണ്ടു പോയ ദൈവങ്ങളെ തിരികെ നല്‍കണമെന്ന് പറയാന്‍ മിണ്ടാപ്രാണികള്‍ക്കാവില്ലല്ലോ എന്നതിലാണ് കവിത അവസാനിക്കുന്നത്. 

കവിതയ്ക്കൊപ്പമുള്ള ആരിഫിന്‍റെ കുറിപ്പിങ്ങനെ..'ഇന്നേയ്ക്ക് ഒൻപത് വർഷങ്ങൾക്ക് മുൻപ് കലാകൗമുദി വാരികയിൽ ഞാൻ എഴുതിയ ഒരു കവിതയാണ്.

തോറ്റു തുന്നം പാടിയിരുന്നപ്പോൾ ഒൻപത് വർഷങ്ങൾക്ക് മുൻപ് എഴുതിയ കവിതയ്ക്ക് എന്തോ കാലിക പ്രസക്തിയുണ്ടെന്നൊരു തോന്നൽ വന്നത് കൊണ്ട് അത് വീണ്ടും സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കണം എന്ന് തോന്നി. അതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു.'

തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ പലതരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനോടൊന്നും മറുപടി പറയാനില്ലെന്നും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. പരാജയപ്പെട്ടിട്ടും തീരാത്ത വിദ്വേഷ പ്രചരാണമാണ് നടക്കുന്നതെന്നും അദ്ദേഹം അന്ന് കുറിച്ചിരുന്നു. 

ENGLISH SUMMARY:

Alappuzha Ex MP AM Ariff share his poem published 9 years back in Facebook. The poem says that, He choose to keep silence not hurt anyone's feeling.