പെരുന്നാള്‍ ദിന സന്ദേശത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം രാജ്യത്ത് വിലപ്പോകില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും സമുദായങ്ങള്‍ എന്തു നേടുന്നുവെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വളർന്നുവരുന്ന എല്ലാ വർഗീയതയും വിഭാഗീയതയും ഇല്ലായ്മ ചെയ്യുന്നതിന് വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂരും പറഞ്ഞു.
ഇന്ത്യാമുന്നണി തിരഞ്ഞെടുപ്പില്‍ മുന്നേറിയത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഇമാമിന്റെ കേന്ദ്രത്തിനെതിരായ കടന്നാക്രമണം. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് രാജ്യത്ത് ഭാവിയില്ലെന്ന് തെളിഞ്ഞുവെന്നായിരുന്നു പ്രചാരണ കാലത്തെ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാല്‍ ഭാവിതലമുറ തിരിച്ചറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജാതി സെന്‍സസിന് േകന്ദ്രം തയാറാകുന്നില്ലെങ്കില്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇമാം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിരാമമിട്ടത്.