ആലപ്പുഴയിൽ ടാർപോളിൻ വലിച്ചു കെട്ടി കാലിത്തൊഴുത്ത് പോലൊരു ഷെഡ്ഡിൽ 67 കാരിയായ പെണ്ണമ്മയുടെ ദുരിത ജീവിതം. മഴയിൽ മതിലിടിഞ്ഞ് വീണതിനാൽ ഉണ്ടായിരുന്ന ഷെഡ് നിലം പൊത്തി. ഇപ്പോൾ അടുത്ത വീടുകളിലാണ് പെണ്ണമ്മ അന്തിയുറങ്ങുന്നത്. ചെറുതെങ്കിലും അടച്ചുറപ്പുള്ള വീടാണ് പെണ്ണമ്മയുടെ സ്വപ്നം. ഉദാരമതികള്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ടാർപോളിൻ കെട്ടിയ കാലിത്തൊഴുത്ത് പോലെയുള്ള ഈ ഷെഡാണ് ആലപ്പുഴ കൊമ്മാടി പുതുവൽ പെണ്ണമ്മയുടെ വീട്. 67 കാരിയായ പെണ്ണമ്മയും രോഗിയായ മകനും അന്തിയുറങ്ങേണ്ടത് ഇവിടെയാണ് . കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് നേരത്തെ ഉണ്ടായിരുന്ന ഷെഡ് പൂർണമായും തകർന്നു.
അയൽ വീടുകളിലെ തുണി അലക്കി കിട്ടുന്ന തുച്ഛ വരുമാനം ആണ് ഏക ആശ്രയം. അയൽപക്കത്തെ വീടുകളിൽ നിന്നാണ് ഭക്ഷണം . ഉറങ്ങുന്നതും തൊട്ടടുത്ത വീടുകളിലാണ്. സഹായത്തിനായി താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ട്. ആരും സഹായിക്കാനില്ലാത്ത പെണ്ണമ്മ കനിവുള്ളവരുടെ കരുണ തേടുകയാണ്.