ഇന്ന് ദേശീയ രക്തദാന ദിനമായി ആചരിക്കുമ്പോള്‍ 36 വര്‍ഷം കൊണ്ട് 124 തവണ രക്തദാനം ചെയ്ത സംതൃപ്തിയിലാണ് കോട്ടയം കൊഴുവനാല്‍ സ്വദേശിയായ ഷിബു തെക്കേമറ്റം. പതിനെട്ടാം വയസ്സിൽ തുടങ്ങിയ രക്തദാനം ഇന്നും തുടരുന്നു.. ആരോഗ്യമുള്ള കാലം രക്തദാനം ചെയ്യണമെന്നാണ് ഷിബുവിന്റെ ആഗ്രഹം.
18-ാം വയസില്‍ ഐടിഐ പഠനകാലത്ത് അധ്യാപികയ്ക്ക് രക്തം നല്കിക്കൊണ്ടാണ് ഷിബു ജീവരക്തത്തിന്റെ പ്രചാരകനായി മാറുന്നത്. രക്തം തേടി രോഗിയുടെ ബന്ധുക്കള്‍ അലയുന്നത് മനസിലാക്കി സഹപാഠികളെ ചേര്‍ത്ത് 50-ഓളം പേരുടെ കൂട്ടായ്മയായി തുടങ്ങിയ പ്രവര്‍ത്തനം ഇന്ന് ആയിരക്കണക്കിനാളുടെ രക്ഷാകേന്ദ്രവുമായി കഴിഞ്ഞു. നിലയ്ക്കാതെ എത്തുന്ന ഫോണ്‍കോളുകളില്‍ ഭൂരിഭാഗവും വിവിധ ഗ്രൂപ്പുകളിലെ രക്തത്തിനുവേണ്ടിയാണ്. 32-ഓളം സംഘടനകള്‍ അംഗങ്ങളായ പാലാ ബ്ലഡ് ഫോറത്തിന്റെ ചെയര്‍മാന്‍കൂടിയാണ് ഷിബു.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള രാജീവ് ഗാന്ധി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം ഷിബുവിന് ലഭിച്ചിട്ടുണ്ട്. വിളക്കുമാടം സെന്റ് ജോസഫ്സ് സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് ജോലിയ്ക്കിടെ ലഭിക്കുന്ന ഇടവേളകളിലാണ് ഷിബുവിന്റെ പ്രവര്‍ത്തനങ്ങള്‍. സാധിക്കുന്നുടത്തോളം കാലം രക്തദാനത്തിലൂടെ ജനസേവനം എന്നതാണ് ഷിബുവിന്റെ ലക്ഷ്യം