kasargod-death

TOPICS COVERED

കുവൈത്ത് മാംഗഫിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ കാസർകോട് ജില്ലക്കാരായ രണ്ട് പേരുടെ മരണം നാടിന്റെ നൊമ്പരമായി. തൃക്കരിപ്പൂർ സ്വദേശി കുഞ്ഞിക്കേളു ചെർക്കള സ്വദേശി രഞ്ജിത് എന്നിവരാണ് മരിച്ചത്. ഗൾഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കുഞ്ഞിക്കേളു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്‌ മടങ്ങാനുള്ള തൃക്കരിപ്പൂർ തെക്കുമ്പാട്ടെ കുഞ്ഞിക്കേളുവിന്റെ തീരുമാനം അഗ്നിയിൽ വെന്തെരിഞ്ഞപ്പോൾ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ് കരിഞ്ഞത്. രണ്ട് പതിറ്റാണ്ടിലധികമായി വിദേശത്ത് തുടരുന്ന കുഞ്ഞിക്കേളു കഴിഞ്ഞ വർഷം ഓണത്തിനാണ് ഒടുവിൽ നാട്ടിലെത്തിയത്. മൂത്ത മകന് ജോലിയായതോടെ ഇത്തവണ കൂടി പോയിവന്നിട്ട് മതിയാക്കാമെന്ന് ഭാര്യക്കും മക്കൾക്കും വാക്കും കൊടുത്തു. എന്നാൽ ഇങ്ങനെയൊരു മടക്കം ഭാര്യ മണിയോ മക്കളോ പ്രതീക്ഷിച്ചില്ല.

ചെർക്കള സ്വദേശി രഞ്ജിത്തിന് അപകടത്തിൽ പൊള്ളലേറ്റെന്ന വാർത്തയാണ് ആദ്യം കുടുംബത്തെ തേടിയെത്തിയത്. അപ്പോൾ മുതൽ മകനുവേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു അമ്മ രുക്മിണി. എന്നാൽ കാത്തിരിപ്പും പ്രതീക്ഷകളും വിഫലമായി. വൈകുന്നേരത്തോടെ മരണവാർത്തയെത്തി. 10 വർഷത്തിലേറെയായി ഗൾഫിൽ ജോലി ചെയ്യുന്ന രഞ്ജിത്ത് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനാണ് ഒടുവിൽ നാട്ടിലെത്തിയത്. രണ്ടുമാസത്തിനുള്ളിൽ രഞ്ജിത്ത് തിരിച്ചെത്തുമ്പോൾ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. നാട്ടിലെ കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രഞ്ജിത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു