ഇക്കൊല്ലത്തെ എസ്.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിൽ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ സൃഷ്ടാവ് ഇടുക്കി കട്ടപ്പനയിലെ ഒരു മിടുക്കനാണ്. തിരുവനന്തപുരം ഫൈനാൻസ് കോളേജിൽ ബി എഫ് എ വിദ്യാർഥിയായ ഇടുക്കി കവല സ്വദേശി മെൽവിൻ രൂപേഷാണ് പുസ്തകങ്ങളിലെ മനോഹര ചിത്രങ്ങളുടെ ഉടമ.
മൂന്ന്, അഞ്ച് ക്ലാസ്സുകളിലെ എസ്. സി. ഇ. അർ. റ്റി പാഠപുസ്തകങ്ങളിലാണ് കട്ടപ്പന സ്വദേശി മുല്ലോത്തുകുഴിയിൽ മെൽവിന്റെ വിരലുകളിൽ ജന്മമെടുത്ത വിവിധ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നത്. ബി.എഫ്.എ പഠന വേളയിലാണ് അധ്യാപകരുടെ നിർദ്ദേശ പ്രകാരം മെൽവിൻ ചിത്രങ്ങൾ വരച്ചു നൽകിയത്. തുടർന്ന് ഇക്കൊല്ലത്തെ പാഠപുസ്തകങ്ങളിൽ വിവിധ കവിതകൾക്കും കഥകൾക്കും ഒപ്പം ചിത്രങ്ങളും അച്ചടിച്ചു വന്നു.
ചെറുപ്പം മുതലേ ചിത്ര രചനയിൽ മെൽവിൻ മികവ് പുലർത്തിയിരുന്നു. രണ്ടാം ക്ലാസ് മുതൽ വിവിധ മത്സരങ്ങളിലും പങ്കെടുത്തു തുടങ്ങി. തുടർന്ന് ഉന്നത് വിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നപ്പോൾ വിജയത്തിന്റെയും സമ്മാനങ്ങളുടെയും എണ്ണം കൂടി. 2019 ൽ റവന്യു ജില്ലാ കലോത്സവത്തിൻ്റെ ലോഗോയും മെൽവിൻ വരച്ചതാണ് . പ്രധാനമായും വാട്ടർ കളറിലാണ് മെൽവിൻ ശ്രദ്ധ പുലർത്തുന്നത്. കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ഇനിയും വരയ്ക്കാനാണ് മെൽവിന്‍റെ തീരുമാനം.