തമിഴ്നാട്ടിലെ മുന്തിരി പാടങ്ങളിൽ മാത്രമല്ല ഇടുക്കി ഹൈറേഞ്ചിലും മുന്തിരി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കോതപാറ സ്വദേശി കുഞ്ഞുമോൻ. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ നട്ട മുന്തിരി മികച്ച വിളവ് തന്നതിന്റെ സന്തോഷത്തിലാണ് കുഞ്ഞുമോനും കുടുംബവും
ജില്ലയുടെ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ കമ്പം തേനി മേഖലകളിൽ കണ്ണെത്ത ദൂരത്തോളം മുന്തിരി കൃഷിയുണ്ടെങ്കിലും ഇടുക്കിയിൽ ഇവ പച്ചപിടിക്കാറില്ലായിരുന്നു. എന്നാൽ ഈ ധാരണ തിരുത്തിക്കുറിച്ചിരിക്കുകയാണ് കർഷകനായ പുലിക്കുന്നിൽ കുഞ്ഞുമോൻ. റോഡിനോട് ചേർന്നുള്ള പുരയിടത്തിൽ നൂറിലേറെ മുന്തിരിക്കുലകളാണ് കായ്ച്ചു കിടക്കുന്നത്. ഇവയിൽ പകുതിയിലെറെയും വീട്ടുകാർ ഇതിനോടകം വിളവെടുത്തു കഴിഞ്ഞു.
മുന്തിരിക്ക് മധുരം കൂട്ടാൻ രാസവളം ഉപയോഗിക്കാൻ പലരും പറഞ്ഞെങ്കിലും ജൈവവളമുപയോഗിച്ച് കൃഷി ചെയ്യാനാണ് കുഞ്ഞുമോന് താല്പര്യം. വീട്ടുമുറ്റത്തെ മുന്തിരി തോട്ടം കാണാൻ നിരവധി പേരാണ് ഈ വീട്ടിലെക്കെത്തുന്നത്.