sanju-techy

കാറില്‍ സിമ്മിങ് പൂളൊരുക്കിയതിന് എംവിഡി നടപടി നേരിട്ടതിന് പിന്നാലെ അത് ആഘോഷമാക്കി യുട്യൂബര്‍ സഞ്ജു ടെക്കി. തന്നെ വൈറലാക്കിയവര്‍ക്ക് നന്ദിപറഞ്ഞാണ് വിഡിയോ. അമ്പലപ്പുഴ എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ സഞ്ജു വാഹനവുമായി ഹാജരായ ശേഷം വന്ന വാര്‍ത്തകളോട് പ്രതികരിക്കുന്നത് ഇങ്ങനെ.

‘ലൈസന്‍സും രജിസ്ട്രേഷനും കട്ടാക്കിയിട്ടില്ല. ആളുകള്‍ ചുമ്മാ അടിച്ചിറക്കുകയാണ്’. അടുത്തതവണ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയില്‍ ഇത്തരം കണ്ടന്‍റുകള്‍ ചെയ്യുമെന്നും സഞ്ജു പറയുന്നു. കുറെനാളായി ട്രിപ്പ് പോയിട്ട്. അതുകൊണ്ട്, മലപ്പുറത്ത് ട്രിപ്പ് പോയി എംവിഡിയുടെ ക്ലാസും കൂടിവരാം.  പത്ത് ലക്ഷം രൂപ കൊടുത്താല്‍ പോലും കിട്ടാത്ത പാന്‍ ഇന്ത്യന്‍ ലെവല്‍ റീച്ചാണ് കിട്ടിയത്’. എന്നാല്‍ എല്ലാവരും ട്രാഫിക് റൂള്‍സ് പാലിക്കണമെന്ന ഉപദേശം കൂടിയുണ്ട് വ്ലോഗില്‍.

വ്ലോഗർ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയതില്‍ ഹൈക്കോടതി വരെ ഇടപെട്ടിരുന്നു. കർശന നടപടി വേണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. മോട്ടോർ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കുകയം വേണം. നിയമം ലംഘിക്കുന്ന വ്ലോഗർമാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  റിപ്പോർട്ട് നേടിയത്. 

മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് കോടതി അടുത്തയാഴ്ച പരിഗണിക്കും. ‘ആവേശം’ സിനിമയില്‍ ലോറിയില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ രംഗം പോലെ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ നിര്‍മിച്ചതാണ് സഞ്ജു ടെക്കിക്ക് മോട്ടോര്‍വാഹന വകുപ്പ് ചെക്ക് വയ്ക്കാന്‍ കാരണം.  യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി  രണ്ടാഴ്ച മുമ്പാണ് സ്വന്തം കാറില്‍ സ്വിമ്മിങ്ങ് പൂളൊരുക്കിയത്. രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ഷീറ്റിട്ട് വെള്ളം നിറയ്ക്കുകയായിരുന്നു. അതില്‍ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴ എഎസ് കനാൽ റോഡിലൂടെ യാത്ര.  കാറിലെ പൂളില്‍ ഉല്ലസിക്കുന്ന ദൃശ്യങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനിടെ പ്ലാസ്റ്റിക് ഷീറ്റ് കീറി കാറിനുള്ളിൽ വെള്ളം ചോരുകയും സീറ്റിലെ എയർ ബാഗ് പൊട്ടുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കി. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആര്‍ടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം  കാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ സൂര്യനാരായണന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്തു. സഞ്ജുവിനെയും കൂട്ടാളികളെയും എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലനത്തിനയക്കും. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കമ്യൂണിറ്റി സർവീസിനും അയക്കും.  വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കും. ഉത്തരം വീഡിയോകൾക്കെതിരെ യുട്യൂബിന് റിപ്പോർട്ടും നൽകും.