wedding-anniversary-hd

ഹൈറേ​ഞ്ചിന്‍റെ മഞ്ഞിനെ വകഞ്ഞ് മാറ്റി ക്ലാരമ്മയും പാപ്പച്ചനും കൈപിടിച്ച് കുശലം പറഞ്ഞ് ജീവിതവഴിയിൽ നടന്നു നീങ്ങുന്നത് കാണുമ്പോള്‍ ഇരട്ടയാർ നാങ്കുതൊട്ടിക്കാര്‍ പുതുതലമുറയിലെ കുട്ടികളോട് പറയും ‘മക്കളെ.. കണ്ട് പഠിക്കണം ആ അപ്പച്ചനെയും അമ്മച്ചിയെയും’. ആ പറച്ചിലിന് പിന്നില്‍ ആ നാട് ഒന്നാകെ കാണുന്ന ഒരു കാര്യമുണ്ട് 81 വര്‍ഷമാകുന്നു 98 വയസുകാരി ക്ലാരമ്മയെ 103 വയസുള്ള പി.വി.ആന്റണി എന്ന പാപ്പച്ചന്‍ ചേര്‍ത്ത് പിടിച്ചിട്ട്.

wedding-anniversary-pic-3

ആ ഉള്ളം കയ്യിലെ ചൂടിനോടൊപ്പം ഇരുവരും നടന്ന് നീങ്ങിയത് ഹൈറേഞ്ചിന്‍റെ ചരിത്രത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെയാണ് ആ നാട് ഒന്നാകെ ഈ ‘ഹാപ്പികപ്പിളി’ന്‍റെ എണ്‍പത്തിയൊന്നാം വിവാഹവാര്‍ഷികം ഒന്നിച്ച് ആഘോഷിച്ചത്. ഒപ്പം മക്കളും കൊച്ചുമക്കളുമായി കുടുംബത്തിലെ 87 പേരും ആഘോഷം ​ഗംഭീരമാക്കി. 

wedding-anniversary-pic-5

ഉറ്റ സുഹൃത്തായിരുന്ന കൊല്ലംപറമ്പിൽ മത്തായിയുടെ ഭാര്യാ സഹോദരിയായ പൊൻകുന്നം തൊമ്മിത്താഴത്ത് ക്ലാരമ്മയെ 1943 ഫെബ്രുവരി എട്ടിനാണ് പി.വി.ആന്റണി എന്ന പാപ്പച്ചന്‍  ജീവിതസഖിയാക്കിയത്. 1958ല്‍ ഹൈറേഞ്ചിലേക്ക് കുടിയേറി. കാട്ടുമൃഗങ്ങളോട് മല്ലിട്ട് കൃഷിയെ നെഞ്ചോട് ചേര്‍ത്ത് ജീവിതം. കാട്ടാനയെ പേടിച്ച് ഏറുമാടത്തില്‍ ജീവിച്ച കാലമുണ്ടായിരുന്നു പാപ്പച്ചന്. പത്ത് മക്കളാണ് ഇരുവര്‍ക്കും. ഏഴ് ആണ്‍ മക്കളും മൂന്ന് പെണ്‍മക്കളും. 

wedding-anniversary-pic-1

‘81 വര്‍ഷമാകുന്നു ഇരുവരുടെയും ജീവിതം തുടങ്ങിയിട്ട്. മക്കളായ ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കളെപോലെയാണ് കഴിയുന്നത്. അപ്പച്ചന്‍റെയും അമ്മച്ചിയുടെയും വിവാഹവാര്‍ഷികം ആഘോഷിക്കണം എന്നത് കൂട്ടായ തീരുമാനമായിരുന്നു. എല്ലാവരും ഒന്നിച്ച് കൂടി, ഞങ്ങള്‍ ഏഴ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ്. കേരളത്തിന് പുറത്തുള്ള കൊച്ചുമക്കള്‍ അടക്കം അവധി എടുത്ത് ഈ പരിപാടിക്ക് വേണ്ടി വന്നു. എല്ലാവരും ചേര്‍ന്ന് 87 പേരുണ്ട് ,അപ്പച്ചനും അമ്മച്ചിയും ഡബിള്‍ ഹാപ്പിയാണ് ’ ഇളയ മകന്‍ സിബി പറയുന്നു. 

wedding-anniversary-pic-2

സ്നേഹം എന്ന മുഖമുദ്രയിലാണ് ഈ അപ്പച്ചന്‍റെയും അമ്മച്ചിയുടെയും ജീവിതം . ഒരിക്കല്‍ പോലും  നുള്ളി നോവിച്ചിട്ടില്ല ചാച്ചൻ എന്നാണ്  ക്ലാരമ്മ പാപ്പച്ചനെ പറ്റി പറയുന്നത്.  വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുമില്ല. ഇരുവരുടെയും ജീവിതത്തിലെ  നാൾവഴികൾ കോർത്തിണക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ഫാ.ജോസഫ് പുത്തൻ പുരക്കൽ വിവാഹ വാര്‍ഷികാഘേഷ വേളയില്‍ നിർവ്വഹിച്ചു. ഇരട്ടയാർ പഞ്ചായത്തിന്റെ തുടക്കകാലത്ത് 7 വർഷം പഞ്ചായത്ത് അംഗമായും പലതവണ ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗമായും പാപ്പച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.

wedding-anniversary-pic-6