People watch the dark clouds hovering over the city during pre-monsoon showers, in Kochi

People watch the dark clouds hovering over the city during pre-monsoon showers, in Kochi

  • മണ്‍സൂണ്‍ വരവായി
  • ജീവശ്വാസമായി മഴക്കാലം
  • കൃഷിക്കും ജീവിതത്തിനും ആധാരം

ഒരാഴ്ചയായി എന്തൊരു മഴ എന്നാണ് കേരളമെമ്പാടും  മനുഷ്യര്‍ പറഞ്ഞു കൊണ്ടിരുന്നത്. ഇത് വേനല്‍ മഴയല്ല, കാലവര്‍ഷം തന്നെയെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. കാലാവസ്ഥാ വകുപ്പെന്താ  മണ്‍സൂണ്‍ വന്നു എന്ന് പറയാത്തത് എന്ന ചോദ്യവും നിരന്തരം ഉയര്‍ന്നു. ഇപ്പോഴിതാ കാലാവസ്ഥാ വകുപ്പിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നു. മണ്‍സൂണ്‍ കേരളത്തിലും വടക്കുകിഴക്കന്‍ സംസാഥനങ്ങളിലും എത്തിച്ചേര്‍ന്നിരിക്കുന്നു. പ്രതീക്ഷിച്ചതിലും 24 മണിക്കൂര്‍മുന്‍പ് തെക്കുപടിഞ്ഞാറല്‍ കാലവര്‍ഷം കേരളത്തിലെത്തി. രാജ്യമെമ്പാടും മാത്രമല്ല രാജ്യാന്തര തലത്തിലും തലക്കെട്ടാകുന്ന വാര്‍ത്തയാണിത്. മറ്റൊരുമഴക്കാലത്തിനും അവകാശപ്പെടാനില്ലാത്തൊരു ശ്രദ്ധയാണ് ഇന്ത്യന്‍ മണ്‍സൂണിന് ലഭിക്കുന്നത്. എന്തുകൊണ്ടെന്നല്ലേ? വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്, ഇന്ത്യയും പാകിസ്ഥാനും ബംഗ്ളാദേശും മാലിയും ശ്രീലങ്കയും ബര്‍മയും ഉള്‍പ്പെടുന്ന വലിയൊരുപ്രദേശത്തിനാകെ, ജീവജലം എത്തിക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ നീളുന്ന നാലുമാസക്കാലത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമാണ്. കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം കോടാനുകോടി ജനങ്ങള്‍ ഈ മഴക്കാലത്തെ ആശ്രയിക്കുന്നു. അതിനാല്‍ ഈ പ്രദേശത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ സമ്പദ്ഘടനയില്‍ മണ്‍സൂണിന് വലിയ പ്രാധാന്യമാണുള്ളത്.

rain-tvm-family

മഴയുടെ കലണ്ടര്‍

സാധാരണ ജൂണ്‍ ഒന്നിനോ  ആദ്യആഴ്ചയിലോ ആണ് കേരളത്തില്‍ കാലവര്‍ഷമെത്തുക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ അഞ്ചിനും ഇത്തവണ മേയ് 30 ന് തന്നെ മഴയെത്തി. മഴയുടെ രണ്ടുകരങ്ങള്‍ ഇന്ത്യയെ പുണരുന്നതുപോലെയാണ് മണ്‍സൂണിന്‍റെ വരവ്. അറേബ്യന്‍സമുദ്രത്തിലൂടെ കേരളതീരത്തേക്കും ബംഗാള്‍ ഉള്‍ക്കടലിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മഴയെത്തും. പിന്നീട് കൊങ്കണ്‍–മഹാരാഷ്ട്ര വഴി മഴക്കാറ്റുകള്‍ മുന്നേറും. ബംഗാളിലൂടെ ബിഹാറിലും ഹിമാലയന്‍ താഴ്്്വരകളിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള മഴക്കാറ്റുകളും പ്രയാണം തുടരും. ജൂണ്‍ പത്തിന് മുന്‍പ് സാധാരണ മുംബൈയില്‍ മഴ തുടങ്ങേണ്ടതാണ്. ജൂണ്‍ അവസാനത്തോടെയാണ് ഡല്‍ഹിയിലും പഞ്ചാബിലും മറ്റും മഴയെത്തുക. ഇത്തവണ സാധാരണയെക്കാള്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ജൂണ്‍–ജൂലൈ മാസങ്ങളില്‍ ഖാരിഫ് കൃഷിക്കായി വിത്തിറക്കാന്‍ ഈ മഴയെത്തണം.

tvm-rain-road

പ്രവചനം എളുപ്പമല്ല

മഴ എത്തിയെന്നുറപ്പിക്കുന്നതിനുമുണ്ട് ഒരു രീതി. കേരളത്തിലെ 14 മഴമാപിനികളില്‍ 2.5 മില്ലീമീറ്ററോ കൂടുതലോ മഴ രണ്ടു ദിവസം തുടര്‍ച്ചയായി രേഖപ്പെടുത്തണം. പടിഞ്ഞാറന്‍കാറ്റ് ശക്തമാകണം. ഭൂമിയില്‍നിന്നും അന്തരീക്ഷത്തില്‍നിന്നും ബഹിര്‍ഗമിക്കുന്ന റേഡിയേഷന്‍  200wm-2 എന്ന അളവിന് താഴെയെത്തണം ഇങ്ങനെ 14  മാനദണ്ഡങ്ങള്‍ ഒത്തുവന്നാലേ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കാനാവൂ. പുനെയിലെ കാലവര്‍ഷ പഠനകേന്ദ്രവും കൊച്ചിയിലെ കുസാറ്റും മുതല്‍ അമേരിക്കയിലെ നോവ എന്ന നാഷണല്‍ ഒാഷ്യാനിക്ക് അന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ വരെയും വേള്‍ഡ് മീറ്റീരിയോളജിക് സംഘടനയും അനേകം സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിരന്തരമായി പഠിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് മണ്‍സൂണ്‍. ഉപഗ്രഹങ്ങളും റഡാറുകളും കണ്‍ചിമ്മാതെ നോക്കിയിരിക്കുന്ന ഇക്കാലത്തും മണ്‍സൂണ്‍ പ്രവചനം കൃത്യമായി നടത്തുകയെന്നത് ശാസ്ത്രത്തിന് മുന്നില്‍ വെല്ലുവിളിയാണ്.

vettukad-church-rain

മഴക്കണക്ക്

കേരളത്തില്‍ 200 മുതല്‍ 210 വരെ സെന്‍റിമീറ്റര്‍ വരെ മഴയാണ് കാലവര്‍ഷത്തിന്‍റെ നാലുമാസങ്ങളിലായി ലഭിക്കേണ്ടത്. സാധാരണ വടക്കന്‍ജില്ലകളില്‍ മഴ കൂടുതലും തെക്കന്‍ജില്ലകളില്‍കുറവും എന്നൊരു രീതിയാണ് ഇടവപ്പാതി എന്ന് നമ്മള്‍ വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനുള്ളത്. ജൂണില്‍ 64.83 സെന്‍റിമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. കഴിഞ്ഞ ഏതാനും മഴക്കാലങ്ങളിലായി ജൂണില്‍ മഴകുറയുകയും ജൂലൈഅവസാനവും  ഒാഗസ്റ്റിലും കനത്തമഴ ലഭിക്കുകയും ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്. ജൂലൈയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടേണ്ടത്. കാലാവസ്ഥാ വകുപ്പിന്‍റെ 123 കൊല്ലത്തെ മഴക്കണക്കുകള്‍ ഇതാണ് കാണിക്കുന്നത്. ജൂലൈയില്‍ 65.3 സെന്‍റിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. പസഫിക്ക് സമുദ്രത്തിലെ ഉഷ്ണജല–ശീതജല പ്രവാഹങ്ങള്‍, ധ്രുവപ്രദേശത്തെ മഞ്ഞ് തുടങ്ങി ഭൂമിയുടെ പലഭാഗങ്ങളിലെ പ്രകൃതി പ്രതിഭാസങ്ങള്‍ ഇന്ത്യന്‍ മണ്‍സൂണിനെ സാരമായി സ്വാധീനിക്കാറുണ്ട്. പസഫിക്കിലെ ഉഷ്ണജല പ്രവാഹം മാറി ശീത ജല പ്രവാഹത്തിലേക്ക് മാറുന്ന ലാ നിനോ കാലമാണ് വരാന്‍പോകുന്നത്. ഇത് ഇന്ത്യയില്‍ നല്ല മഴ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

kochi-clouds-boat-jetty

നിലനില്‍പ്പിന്‍റെ അടിസ്ഥാനം

ലോകത്തെ ഏറ്റവും മഹത്തരവും മനോഹരവുമായ കാലാവസ്ഥാ പ്രതിഭാസം എന്നാണ് ഇന്ത്യന്‍ മണ്‍സൂണിനെ വിശേഷിപ്പിക്കുന്നത്. ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യന്‍ സമതലം, ചൂടും ഈര്‍പ്പും കൊണ്ട് വീര്‍പ്പുമുട്ടുന്ന തെക്കേ ഇന്ത്യ. മനുഷ്യനും മൃഗങ്ങളും ചെടികളും മരങ്ങളും ഉള്‍പ്പെടെ ജീവജാലങ്ങളാകെ വീര്‍പ്പുമുട്ടുന്ന വേനലിന്‍റെ കാഠിന്യം കുറച്ചുകൊണ്ടാണ് പടിഞ്ഞാറന്‍ സമുദ്രത്തില്‍ നിന്ന് മഴക്കാറ്റുകളെത്തുന്നത്. ക്രമമായി ഇത് ഉപഭൂഖണ്ഡത്തെയാകെ വലയം ചെയ്യും. ഈ മഴയില്ലെങ്കില്‍ നമുക്ക് നിലനില്‍പ്പില്ലെന്ന് വ്യക്തം. ഇപ്പോഴും 60 ശതമാനം കൃഷിയും മണ്‍സൂണിനെ ആശ്രയിച്ചാണ്. വൈദ്യുതോല്‍പ്പാദനം മുതല്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം വരെ ജീവിതത്തിന്‍റെ സമസ്തമേഖലകളെയും മണ്‍സൂണ്‍ സ്വാധീനിക്കുന്നു.

monsoon-kovalam-waves

മഴയെ വരവേല്‍ക്കുന്ന കാലാവസ്ഥാ കേന്ദ്രം

മണ്‍സൂണിനെ ഉപഭൂഖണ്ഡത്തിലേക്ക് വരവേല്‍ക്കുന്ന ഒരുകാലാവസ്ഥാ കേന്ദ്രമുണ്ട്, തിരുവനന്തപുരത്തെ ഒബ്സര്‍വേറ്ററി ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ കേന്ദ്രം. ഇവിടെ നിന്നാണ് സംസ്ഥാനത്തെ മഴമാപിനികളിലെ കണക്കുകള്‍ കാലാവസ്ഥാ വകുപ്പിന് കൈമാറുന്നതും മഴ പ്രവചനങ്ങളും മുന്നറിയിപ്പുകളും പുറപ്പെടുവിക്കുന്നതും. ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലൊന്നാണത്. 1837 ല്‍പ്രവര്‍ത്തനം ആരംഭിച്ച ഈ നിരീക്ഷണാലയം സമുദ്രനിരപ്പില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തില്‍ നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. തിരുവിതാംകൂര്‍ ഭരണാധികാരിയായ സ്വാതിതിരുനാളാണ് ഈ കേന്ദ്രം തുടങ്ങാന്‍ പിന്തുണ നല്‍കിയത്. ഒബ്സര്‍വേറ്ററി അഥവാ വാനനിരീക്ഷണകേന്ദ്രമെന്ന നിലയില്‍കൂടിയാണ് തുടക്കം. ജോണ്‍ കാല്‍ഡിക്കോട്ട് എന്ന ബ്രിട്ടീഷുകാരനായ ശാസ്ത്രജ്‍നായിരുന്നു ആദ്യമേധാവി. വാനനിരീക്ഷണത്തിനും കാലാവസ്ഥാ പഠനത്തിനും സഹായകരമായ ഉപകരണങ്ങള്‍ പലതും കാല്‍ഡിക്കോട്ട് കപ്പല്‍മാര്‍ഗം എത്തിച്ചു.

boats-tvm-rain

1851 ല്‍ ജോണ്‍ അലന്‍ബ്രൗണ്‍ ഈ കേന്ദ്രത്തിന്‍റെ തലപ്പത്തു വന്നു. കാലാവസ്ഥാ ശാസ്ത്രത്തില്‍ അഗാധ താല്‍പര്യവും അവഗാഹവും ഉള്ള വ്യക്തിയായിരുന്നു അലന്‍ബ്രൗണ്‍. അഗസ്ത്യവന മേഖലയില്‍ 6200 അടി ഉയരത്തില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് ഒരു കേന്ദ്രം കൂടി അദ്ദേഹം സ്ഥാപിച്ചു. ബ്രൗണ്‍ തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോള്‍ ആ കേന്ദ്രം പൂട്ടി. അഗസ്ത്യമലനിരകളില്‍ നിന്ന് കാണുന്ന മഴക്കാഴ്ചകളെ കുറിച്ച് അതിമനോഹരമായ ഒരു കുറിപ്പും ബ്രൗണ്‍ എഴുതിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ കേരളത്തിന്‍റെ കാലാവസ്ഥ പഠിക്കുന്നതിന് ഉഴിഞ്ഞുവെച്ച ബ്രൗണ്‍ ഉള്‍പ്പെടെയുള്ള മഹാരഥന്‍മാര്‍ പണിതുയര്‍ത്ത കാലാവസ്ഥാ കേന്ദ്രം ഇന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉള്‍പ്പെടെ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ENGLISH SUMMARY:

The monsoon season is more than just a period of heavy rains; it is the lifeblood of the region, profoundly influencing its climate, agriculture, economy, and culture. From the lush greenery that carpets the Western Ghats to the replenishment of vital water resources, the monsoon's impact is omnipresent. This annual climatic phenomenon, driven by intricate atmospheric dynamics, brings with it the promise of renewal and sustenance. As the monsoon winds sweep across the subcontinent, they carry stories of resilience, adaptation, and the timeless interplay between nature and human civilization. In this article, we explore the multifaceted significance of the monsoon, delving into its vital role in shaping the livelihoods and landscapes of Kerala, India, and the broader Asian region.