ഭൂരിഭാഗം ദമ്പതിമാരും വിവാഹ വാര്‍ഷികം ആഘോഷ ചടങ്ങാക്കിയും വിനോദയാത്ര നടത്തിയുമാണ് ചിലവഴിക്കാറുളളത്. ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികത്തില്‍ 7 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുളള ഭൂമി കൈമാറിയാണ് മലപ്പുറം എടക്കരയിലെ വിജയ് കുമാര്‍ ദാസ്–നിഷ ദമ്പതികള്‍ മാതൃകയൊരുക്കിയത്.
സ്വന്തം വീടു നില്‍ക്കുന്ന ഭൂമിയോട് ചേര്‍ന്ന സ്ഥലത്തു തന്നെയാണ് 7 കുടുംബങ്ങള്‍ക്ക് 5 സെന്‍റ് വീതം ഭൂമി വിട്ടു നല്‍കിയത്. ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികത്തില്‍ പാവപ്പെട്ടവര്‍ക്ക് സഹായമാവുന്ന എന്തെങ്കിലും ചെയ്യണമെന്നായിരുന്ന വിജയ് കുമാര്‍ ദാസിന്‍റേയും നിഷയുടേയും ആഗ്രഹം.
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്നാണ് ഭൂമി നല്‍കേണ്ടവരെ കണ്ടെത്തിയത്. 25 വര്‍ഷം ദുബായില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയ് കുമാര്‍ ദാസ്. ആറു മാസം മുന്‍പാണ് പ്രവാസജീവിതം നിര്‍ത്തി നാട്ടിലെത്തിയത്. എടക്കര സബ് റജിസ്ട്രാര്‍ ഒാഫീസിന് 12 സെന്‍റ് ഭൂമിയും ദാനമായി നല്‍കിയിരുന്നു.