വാഹനങ്ങളോടുള്ള ഇഷ്ടം ഇഷ്ടവാഹനം സ്വന്തമാക്കിയാണ് പലരും പ്രകടിപ്പിക്കുക. എന്നാൽ ചെറുവത്തൂർ സ്വദേശി രാജേഷ് ആളിത്തിരി വ്യത്യസ്തനാണ്. തന്റെ സ്വപ്‍നഭവനത്തിന് ഹൗസ് ബോട്ടിന്റെ രൂപം നൽകിയാണ് രാജേഷ് ഹൗസ്ബോട്ടുകളോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. കാണാം രാജേഷിന്റെ വീടിന്റെ വിശേഷങ്ങൾ.
ചെറുപ്പം മുതൽ മനസിലിട്ട് നടന്ന സ്വപ്നമായിരുന്നു ഹൗസ് ബോട്ടിന്‍റെ മാതൃകയിലൊരു വീടെന്നത്. പതിനഞ്ച് വർഷം മുൻപ് വീടിനടുത്ത് ഹൗസ് ബോട്ട് നിർമാണം നടക്കുന്നത് കണ്ടാണ് ചെറുവത്തൂർ കിഴക്ക്മുറിക്കാരൻ രാജേഷിന് അവയോട് താല്പര്യം തോന്നുന്നത്.
സ്വന്തമായി ഒരു കൂരയൊരുക്കാൻ തീരുമാനിച്ചപ്പോൾ തന്റെ മനസ്സിലുള്ള രൂപം സഹോദരിയുടെ മകളും ആർക്കിടെക്റ്റുമായ ഷീബയോട് പങ്കുവച്ചു. 1400 ചതുരശ്ര അടിയിൽ വരികളിലൂടെ ഷീബ രാജേഷിന്റെ സ്വപ്നത്തിന് രൂപം നൽകി. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ 8 വർഷമെടുത്താണ് വീട് നിർമാണം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ കൂട്ടുകാരുമായി ചേർന്ന് ഒരു ഹൗസ് ബോട്ടും വാങ്ങി.