ജനകീയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ വിടപറഞ്ഞിട്ട് ഇന്ന് രണ്ടുപതിറ്റാണ്ട്. ഏറ്റവുംകൂടുതല്‍ കാലം കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന റെക്കോര്‍ഡിനുടമയായ നായനാര്‍ നര്‍മമധുരം നിറഞ്ഞ ഓര്‍മയാണിന്നും. രാഷ്ട്രീയ ഏതിരാളികള്‍ക്കും പോലും സ്വീകാര്യനായിരുന്ന, എതിരാളികളെ ശത്രുവായി കാണാത്ത നേതാക്കളുടെ ചരിത്രത്തിലെ പ്രകാശംചൊരിയുന്ന അധ്യായമാണ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍.
കയ്യുയര്‍ത്തി റൈറ്റ് എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്ത് ഇ.കെ. നായനാര്‍ പോയിട്ട് ഇരുപതുവര്‍ഷമായെന്നത് അവിശ്വസനീയമായി തോന്നാം. അത്രമേല്‍ ജനമനസ്സില്‍ പതിഞ്ഞതാണ് ആ ജീവിതം. 2004 മേയ് 19 ന് ഡല്‍ഹി ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെയാണ് ജീവിതത്തോടും റൈറ്റ് പറഞ്ഞ് നായനാര്‍ പിരിഞ്ഞത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കടപ്പുറംവരെ അദ്ദേഹത്തെ കേരളം യാത്രയാക്കിയത് ഇന്നും കണ്‍മുന്നില്‍.
കുസൃതി നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു നായനാര്‍. അതേമസമയം കൊള്ളരുതായ്മളെ കണ്ണൂര്‍മട്ടില്‍ തിരുത്തുന്ന കര്‍ക്കശക്കാരനുമായിരുന്നു നായനാര്‍. കല്യാശേരിയുടെ രാഷ്‌ട്രീയപാരമ്പര്യം മുറുകെപിടിച്ച ജീവിതം. ബാലംസംഘം തൊട്ട് തുടങ്ങിയ നേതൃപാടവം. മലബാറിലെ ആറോൺ ടെക്‌സ്‌റ്റൈൽ മിൽ വർക്കേഴ്‌സ് യൂണിയന്റെ ആദ്യത്തെ സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയജീവിതത്തുടക്കം. പോരാട്ടം, ജയില്‍, ഒളിവുജീവിതം അങ്ങനെ കൗമാരയൗവനകാലം. കയ്യൂർ കൊലക്കേസിലെ മൂന്നാം പ്രതി. ഒളിവിലായിരുന്നതിനാൽ രക്ഷപ്പെടല്‍. 1956 ൽ അവിഭക്‌ത കമ്യൂണിസ്‌റ്റ് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി. പിന്നെ ദേശീയ കൗൺസിൽ അംഗം .1964ൽ പാർട്ടി പിളർപ്പിനു ശേഷം ഇഎംഎസ്, എകെജി എന്നിവർക്കൊപ്പം. പാര്‍ട്ടിതലത്തില്‍ പടിപടിയായി ഉയര്‍ന്ന് കേന്ദ്രകമ്മിറ്റിയംഗം. 1972ൽ സി.എച്ച്.കണാരൻ നിര്യാതനായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി. 67 ലും 71 ലും ലോക്സഭാംഗം. 1975 ൽ ഇരിക്കൂറിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി നിയമസഭയിലേക്ക്. മൂന്നുതവണയായി 10 വര്‍ഷം പതിനൊന്നുമാസം ഇരുപത്തിരണ്ട് ദിവസം മുഖ്യമന്ത്രിയായി റെര്‍ക്കോഡ്. നായനാരും കരുണാകരനും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി മാറിമാറി വന്നുംപോയുമിരുന്ന രാഷ്ട്രീയകാലമുണ്ടായിരുന്നു. എതിരാളിയെ ശത്രുവായി കാണാത്തകാലം
ഫിദൽ കാസ്‌ട്രോയ്‌ക്കു ശേഷം മാര്‍പ്പാപ്പയെ സന്ദർശിച്ച കമ്യൂണിസ്‌റ്റ് നേതാവെന്ന വിശേഷണവും നായനാര്‍ക്കും സ്വന്തം. വിശ്വാസികളോടും പ്രതിപക്ഷബഹുമാനം പുലര്‍ത്തിയതുകൊണ്ടാണല്ലോ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സമ്മാനിച്ച കൊന്ത ശ്രദ്ധയോടെ സൂക്ഷിച്ചത്. ഇപ്പോള്‍ കുടുംബം സൂക്ഷിക്കുന്നതും. അധ്യാപികയായ കെ.പി. ശാരദ നായനാരുടെ ജീവിത സഖിയായത് 1958 ലാണ്.ഒന്നിച്ച് കുടുംബമായി കുറച്ചുനാളെങ്കിലും കഴിയാനായത് 1980 ൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത്. നായനാര്‍ എന്നാല്‍ നേതാവ് എന്നര്‍ഥം. നേതാവുതന്നെയാണ് നായനാര്‍ എന്നും.