മാമ്പഴ കൊതിയന്‍മാരെയും കൊതിച്ചികളെയും കണ്ടെത്താന്‍ കൊച്ചിയില്‍ നടന്നത് ഉഗ്രന്‍ മാമ്പഴ തീറ്റ മത്സരം. എട്ട് വയസുകാരി മുതല്‍ എണ്‍പത്തിയൊന്ന് വയസുള്ള തങ്കമ്മ ഡോക്ടര്‍ വരെ ഒരേ ആവേശത്തോടെ മത്സരത്തില്‍ പങ്കെടുത്തു. കൊച്ചി ഗ്രീന്‍ എര്‍ത്ത് ഫാം സംഘടിപ്പിച്ച മാംഗോ ഫെസ്റ്റിലായിരുന്നു രസകരമായ മത്സരം.
തങ്കമ്മയെ തറപറ്റിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മേശയ്ക്ക് അപ്പുറവും ഇപ്പുറവും എതിരാളികള്‍. തൊലിയും മാങ്ങാണ്ടിയും തിന്നരുതെന്ന് സംഘാടകര്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. ഇനി ജോര്‍ജേട്ടനും സോജന്‍ ചേട്ടനുമടക്കമുള്ള പുരുഷകേസരികള്‍ അങ്കത്തട്ടില്‍. സോജന്‍ചേട്ടന്‍റെ വെള്ളത്താടി മാമ്പഴത്തിന്‍ മഞ്ഞയില്‍ നിറഞ്ഞാടി. മൂന്ന് വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുത്തത് 68പേര്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിഷ്ണു കച്ചേരിയടക്കം കണ്ടുനിന്നവരുടെ വായില്‍ കൊതിയുടെ സ്പീഡ് ബോട്ടുകളാണ് പരക്കം പാഞ്ഞത്.