ഇടുക്കി കാന്തല്ലൂരിൽ ഇനി അപ്പിളുകളുടെ വിളവെടുപ്പ് കാലം. പഴുത്ത് പാകമായ ആപ്പിളുകൾ വിളവെടുക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ജൂലൈ അവസാനത്തോടെ വിളവെടുത്ത് തീരുമെന്നാണ് പ്രതീക്ഷ.
കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശം മറയൂർ മലനിരകളിലെ കാന്തല്ലൂരാണ്.കോടമഞ്ഞിന്റെ കുളിരു പറ്റി നിലയുറപ്പിച്ചിരിക്കുന്ന ആപ്പിൾ മരങ്ങൾ കാർഷിക വിശേഷങ്ങൾ തേടിയെത്തുന്നവർക്ക് അവിസ്മരണീയ കാഴ്ചയാണ്. കൂടുതലും ജൈവവളമിട്ടാണ് കാന്തല്ലൂരിലെ കർഷകർ ആപ്പിൾ കൃഷി ചെയ്യുന്നത്. ഒരു മരത്തിൽ നിന്ന് പരമാവധി 30 കിലോ വരെ വിളവ് ലഭിക്കും.
കാന്തല്ലൂരിന് പുറമേ പുത്തൂർ, പെരുമല, ഗുഹനാഥപുരം എന്നിവിടങ്ങളിലും ആപ്പിൾ ഫാമുകളുണ്ട്. കനത്ത ചൂട് കൃഷിക്ക് ദോഷം ചെയ്തെങ്കിലും രുചിയിലും ഗുണത്തിലും ഒന്നാമതായ കാന്തല്ലൂർ ആപ്പിൾ കൃഷി കാണുവാൻ നിരവധി സഞ്ചാരികളെത്തുമെന്നാണ് കർഷകരുടെ പ്രതീക്ഷ.