മേയറാകാന്‍ കഴിഞ്ഞില്ലെങ്കിലും സാധാരണ കൗണ്‍സിലറായി തുടരാന്‍ ആഗ്രഹിക്കുന്നതായി ശാസ്തമംഗലം വാര്‍ഡില്‍ താമര വിരിയിച്ച ആര്.ശ്രീലേഖ. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. പ്രചരണസമയത്ത് എല്‍.ഡി.എഫും, യു.ഡി.എഫും ഒരുപോലെ ഉപദ്രവിച്ച സ്ഥാനാര്‍ഥിയായിരുന്നു താനെന്നും ശ്രീലേഖ മനോരമ ന്യൂസിനോട്.
മേയറാകുമോ എന്ന ചോദ്യത്തോട് പാര്‍ട്ടി തീരുമാനിക്കട്ടെ, രാജീവ് ജി തീരുമാനിക്കട്ടെ എന്നായിരുന്നു ശ്രീലേഖയുടെ മറുപടി. താന്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ശ്രീലേഖ പറഞ്ഞു. ‘ഞാൻ കൗൺസിലർ സ്ഥാനത്തിൽ വളരെ സന്തുഷ്ടയാണ്. ഇത് വലിയൊരു നിയോഗം തന്നെയാണ്. ഇവിടെയുള്ള ജനങ്ങളാണ് ഇപ്പോൾ എന്നെ വിജയിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഇവരോടാണ് എന്റെ ആദ്യത്തെ പ്രതിബദ്ധത’ ശ്രീലേഖ പറയുന്നു.
ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും കൂടുതൽ അപവാദം കേൾക്കേണ്ടി വന്ന സ്ഥാനാര്‍ഥിയാണ് താനെന്നും തനിക്ക് നേരെയുണ്ടായ വിമർശനങ്ങളെയും അനാവശ്യമായിട്ടുള്ള കുറെ കഥകളേയും ജനം പുച്ഛിച്ചു തള്ളി എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും ശ്രീലേഖ പറഞ്ഞു.
‘ഐപിഎസ് എന്നുള്ളത് എനിക്ക് ലഭിച്ച കര്‍മ്മമായിരുന്നു. പൊലീസില്‍ ഇരുന്നുകൊണ്ട് അനീതിക്കെതിരെ പൊരുതുക എന്നുള്ളത് ഒരു സർക്കാർ ജോലിയായിരുന്നു. എന്നാല്‍ ജനങ്ങളെ സേവിക്കുക എന്നത് എന്റെ ഇഷ്ടപ്രകാരം ഞാൻ തിരഞ്ഞെടുത്തതാണ്. അപ്പോൾ രണ്ടും ജനസേവനം തന്നെ. ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആ നിമിഷം മുതൽ ഒരു അഴിമതി രഹിത ഭരണം ജനങ്ങൾക്ക് പ്രതീക്ഷിക്കാം’ ശ്രീലേഖ പറയുന്നു.
അതേസമയം, ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.വി.രാജേഷിനെയാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം രാജേഷിന് അനുകൂലമാണ്. കോര്‍പറേഷനില്‍ കഴിഞ്ഞ കാലങ്ങളില്‍ രാജേഷ് നയിച്ച വിവിധ രാഷ്ട്രീയ സമരങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ബി.ജെ.പി ജില്ലാ അധ്യക്ഷനെന്ന നിലയില്‍ രാജേഷിന്റെ അനുഭവസമ്പത്തും പ്രധാന ഘടകമാണ്. അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമെ പ്രഖ്യാപനം ഉണ്ടാകൂ.
രാജേഷ് അല്ലെങ്കില്‍ മുന്‍ ഡി.ജി.പി ആര്. ശ്രീലേഖയ്ക്കാണ് സാധ്യത. അതേസമയം, ഡപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണമാണ്. ആര്. ശ്രീലേഖയെ മേയറാക്കുകയാണെങ്കില്‍ മേയറും ഡപ്യൂട്ടിമേയറും വനിതകളാകും. കഴിഞ്ഞതവണ പൂജപ്പുര വാര്‍ഡില്‍ നിന്ന് ജയിച്ച രാജേഷ് ഇത്തവണ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് ജയിച്ചത്. ശ്രീലേഖയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനും ആലോചനയുണ്ട്.