TOPICS COVERED

വടകരയിലെ ഷാഫിയുടെ ജയം സംബന്ധിച്ച സരിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് എ.കെ. ബാലന്‍. വടകര ഡീലില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ വിശദീകരിക്കും. കിട്ടാവുന്ന അവസരം വിനിയോഗിക്കുമെന്നും ബാലന്‍  വിഡിയോ കാണാം. 

സരിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് എ.കെ.ബാലന്‍ പറഞ്ഞതിന്‍റെ പൂര്‍ണരൂപം...

‘ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. അത് ഗൗരവമായി കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. അതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനഭാഗം. എങ്ങനെയാണ് വടകര ഡീല്‍ നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായി. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കാരുടെ വീടുകളില്‍ പോയാല്‍ ഷാഫിക്കാണ് ഇത്തവണ വോട്ട് കൊടുക്കുന്നതെന്ന് അവര്‍ പറഞ്ഞു. അതിന് പ്രത്യുപകാരമായി പാലക്കാട് ജില്ലയില്‍ ഗുണം കിട്ടുമെന്നും അവര്‍ പറഞ്ഞിരുന്നു. ബിജെപിക്കാരുടെ വീട്ടിലെ സ്ത്രീകളടക്കം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമാണ് എന്നതിന്‍റെ ഏറ്റവും നല്ല തെളിവാണ് സരിന്‍റെ വെളിപ്പെടുത്തല്‍. 

അതീവഗുരുതരമായ പ്രശ്നമാണ.് എങ്ങനെയാണ് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും പിണറായി വിജയനെയും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ആര്‍എസ്എസും ബിജെപിയുമായി ഇവര്‍ ഡീല്‍ നടത്തിയത് എന്നതിന്‍റെ ഏറ്റവും നല്ല തെളിവാണ് സരിന്‍റെ പ്രസ്താവന. ഇനിയും കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം. സംഘടനാപരമായും രാഷ്ട്രീയമായും എന്തുകാരണത്താലാണ് ഞാന്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മാറാന്‍ നിര്‍ബന്ധിക്കപ്പെട്ടത് എന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്നലെ വന്നിട്ടുള്ളത്. അതാണ് നിങ്ങള്‍ ചര്‍ച്ചയാക്കേണ്ടത്.

സരിന്‍ പറഞ്ഞത് ബോധ്യപ്പെട്ടിട്ടുണ്ടോ?

ഡീല്‍ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് നേരത്തേ അറിയാവുന്നതാണല്ലോ. സരിന്‍ പറയണമെന്നില്ലല്ലോ. വടകരയില്‍ വളരെ വ്യക്തമായിരുന്നല്ലോ. വടകരയില്‍ നിങ്ങള്‍ വേണമെങ്കില്‍ ഏതെങ്കിലും ഒരു ബിജെപിക്കാരന്‍റെ വീട്ടിലൊന്ന് വിളിച്ച് ചോദിക്കുക, ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന്. അവര്‍ കൃത്യമായി പറയും. വലിയൊരു ഗൂഢാലോചന അന്ന് നടന്നു എന്ന് ഞങ്ങള്‍ പറഞ്ഞത് ആര്‍ക്കും ബോധ്യപ്പെട്ടില്ല. ഇപ്പോള്‍ അതിന്‍റെ ഉള്ളില്‍, രഹസ്യത്തിന്‍റെ ഉള്ളറകളുടെ ഒരു കാവല്‍ഭടന്‍ അതാണ് സരിന്‍.

പ്രതിപക്ഷം ഈ ആരോപണം തിരിച്ചാണല്ലോ ഉന്നയിക്കുന്നത്?

ഉന്നയിച്ചോട്ടേന്ന്... അതിപ്പോള്‍ പ്രകടമായല്ലോ. 88,000 വോട്ട് കോണ്‍ഗ്രസിന്‍റേത് തിരിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലല്ലോ. എന്നിട്ട് പതിനായിരത്തോളം വോട്ട് വര്‍ധിച്ച എല്‍ഡിഎഫിനെതിരെയാണല്ലോ വായില്‍ തോന്നുന്നത് പറയുന്നത്. നിങ്ങളും അങ്ങനെ തന്നെയല്ലേ പറയുന്നത്. കോണ്‍ഗ്രസിന്‍റെ വോട്ട് പോവുക, ഞങ്ങള്‍ക്ക് വോട്ട് കൂടുക, എന്നിട്ട് ഞങ്ങള്‍ തിരിച്ചുകുത്തി എന്ന് പറയുക. എന്തൊക്കെയോ അജന്‍ഡ നിങ്ങളുടെ തലയിലുണ്ട്. 

ഇന്നലെ ഡോ. സരിന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നമുണ്ട്. സംഘടനാപരമായ പ്രശ്നങ്ങളുണ്ട്. അതാണ് ഈ തിരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ട മുദ്രാവാക്യമായി ഞങ്ങള്‍ കാണുന്നത്. അത് ഈ സമൂഹത്തോട് ഞങ്ങള്‍ തുറന്നുപറയും. അതിന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു നല്ല സാക്ഷിയെ കിട്ടിയിട്ടുണ്ട്.

സരിന്‍ വന്നാല്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാകുമോ?

അതൊക്കെ ജനങ്ങളല്ലേ തീരുമാനിക്കേണ്ടത്. എന്‍റെടുത്ത് കവടിയുണ്ടോ, ഇതൊക്കെ പ്രവചിക്കാന്‍?’

ENGLISH SUMMARY:

CPM CC member AK Balan on Vadakara Deal.