rahul-denies-cyber-attack
  • 'വണ്‍,ടൂ, ത്രീ അറ്റാക് എന്ന് പറഞ്ഞ് ആക്രമിക്കാന്‍ സേനയൊന്നും ‍ഞാന്‍ വിന്യസിച്ചിട്ടില്ലാത്തതിനാല്‍ അത്തരമൊരു കാര്യം എന്‍റെ ഉത്തരവാദിത്തത്തില്‍ വരുന്നതല്ല. പരാതി കൊടുത്താല്‍ സര്‍ക്കാര്‍ അന്വേഷിക്കും. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളത്'

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അടൂരില്‍ നിന്നുള്ള വ്യക്തിയാണെന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പരാമര്‍ശങ്ങളില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ താനല്ലെന്നും നേതാക്കള്‍ പലരും സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം അന്വേഷിക്കട്ടെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ഉമ്മന്‍ചാണ്ടി തന്നെ എക്കാലവും ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ടെന്നും യൂത്ത്കോണ്‍ഗ്രസിന്‍റെ പ്രസിഡന്റാക്കിയതും ഉമ്മന്‍ചാണ്ടായാണെന്നും രാഹുല്‍ അവകാശപ്പെട്ടു. അവസാന നാളുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായി ജെ.എസ്.അഖിലിനെ നിയമിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചുവെന്നും അത് വെട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതെന്നുമുള്ള ആരോപണങ്ങളിലാണ് ഈ പ്രതികരണം. ഷാഫി പറമ്പില്‍ ജനങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളാമെന്നും ഷാഫിയെ ദുര്‍ബലപ്പെടുത്തേണ്ടത് സിപിഎമ്മിന്‍റെ ആവശ്യമാണെന്നും പറഞ്ഞ രാഹുല്‍, ഉണ്ണിത്താന്‍ ദുര്‍ബലപ്പെട്ടാലും കോണ്‍ഗ്രസിനാണ് ക്ഷീണമെന്നും പ്രതികരിച്ചു. 

'വണ്‍,ടൂ, ത്രീ അറ്റാക് എന്ന് പറഞ്ഞ് ആക്രമിക്കാന്‍ സേനയൊന്നും ‍ഞാന്‍ വിന്യസിച്ചിട്ടില്ലാത്തതിനാല്‍ അത്തരമൊരു കാര്യം എന്‍റെ ഉത്തരവാദിത്തത്തില്‍ വരുന്നതല്ല. പരാതി കൊടുത്താല്‍ സര്‍ക്കാര്‍ അന്വേഷിക്കും. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഷാഫിയും ഞാനും തമ്മില്‍ സഹോദര സ്നേഹമാണുള്ളത്. ഗുരുശിഷ്യ ബന്ധമൊന്നുമില്ല. എന്നിരുന്നാലും കൂടെയുള്ളയാള്‍ക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ സംരക്ഷിക്കാന്‍ താന്‍ ഇറങ്ങുന്നു എന്ന വാര്‍ത്തകളെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. അങ്ങിനെ ചെയ്തിട്ടില്ലെങ്കില്‍ പോലും. എന്‍റെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ പോസിറ്റീവ് ആയാണ് അതിനെ കാണുന്നത്. സൈബര്‍ അറ്റാക് എനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് പി.വി.അന്‍വറിനെ കാണാന്‍ പോയപ്പോള്‍ മുതല്‍ അതെനിക്കെതിരെ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ ഭാഷയിലാണ് അന്ന് എനിക്ക് നേരെ വിമര്‍ശനം ഉണ്ടായത്'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 

'എനിക്കെതിരായ കേസുകളുടെ സമയത്തും അത്തരത്തില്‍ സൈബര്‍ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ആരുടെയെങ്കിലും ക്വട്ടേഷനാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഉമ്മന്‍ചാണ്ടി സാറിനെതിരെ രൂക്ഷമായ ആക്രമണം ഉണ്ടായ സമയമുണ്ട്. അതാരുടെ ക്വട്ടേഷനാണ്? എന്‍റെ കേസിന്‍റെ സമയത്തുണ്ടായത് ആരുടെ ക്വട്ടേഷനാണ്? ആ സമയത്ത് വി.ഡി.സതീശനെതിരെ ഉണ്ടായത് ആരുടെ ക്വട്ടേഷനാണ്? രാഹുല്‍ ചോദ്യമുയര്‍ത്തി. 

ENGLISH SUMMARY:

Former Youth Congress president Rahul Mamkootathil has denied allegations that he was behind the social media attacks targeting Congress leaders, following remarks by Rajmohan Unnithan suggesting that a person from Adoor was responsible. Rahul said he had not organised any coordinated cyberattacks and urged the government to investigate if a formal complaint was filed. He also claimed that former Kerala Chief Minister Oommen Chandy had always supported him and was responsible for making him the Youth Congress state president. Rahul further expressed support for Shafi Parambil, describing their relationship as one of brotherly affection, and alleged that weakening Shafi would serve the interests of the CPM.