തനിക്കെതിരെ വിമര്‍ശനവുമായി വന്ന നേമം ഷജീറിന് മറുപടിയുമായി ജെ.എസ്.അഖില്‍. ഒരു സമരത്തിലും അഖിലിനെ കണ്ടിട്ടില്ലെന്നും ജലപീരങ്കിയില്‍നിന്ന് ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ലെന്നും നേമം ഷജീര്‍ കുറ്റപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ കറങ്ങിനടന്നത് മാത്രമാണ് അഖിലിന്റെ യോഗ്യതയെന്നും ഷാഫിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്നുമാണ് ഷജീറിന്റെ ആരോപണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതിന് അഖില്‍ മറുപടി നല്‍കിയത്.
ആളെ കൂട്ടിയും അടി കൊണ്ടും ജലപീരങ്കി നനഞ്ഞും തന്നെയാണ് താന്‍ ഇവിടം വരെ എത്തിയത് എന്നു കുറിച്ച അഖില്‍ ഇവ തെളിയിച്ചാല്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ഷജീറും അതിന് കുടപിടിയ്ക്കുന്ന വ്യക്തിയും രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമോ എന്ന് വെല്ലുവിളിക്കുന്നുണ്ട്. തന്നെ ഉമ്മന്‍ചാണ്ടി യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാക്കാന്‍ നിര്‍ദേശിച്ചത് മറ്റാരേക്കാളും യോഗ്യത തനിക്കുണ്ട് എന്നുള്ള തിരിച്ചറിവുള്ളതുകൊണ്ടുതന്നെയാണ്, ഉമ്മന്‍ചാണ്ടിയുടെ ആ പരിഗണന തന്നെയാണ് തന്റെ യോഗ്യതയെന്നും കുതികാല് വെട്ടാതെ ഉമ്മന്‍ചാണ്ടിക്കൊപ്പം അവസാനം വരെ നിന്നതും തന്റെ യോഗ്യത തന്നെയാണെന്നും അഖില്‍ കുറിക്കുന്നുണ്ട്.
മറഞ്ഞിരുന്ന് തനിക്കെതിരെ ഷജീറിനെക്കൊണ്ട് ആരോപണമുന്നയിക്കുന്നവര്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെ അടുക്കള വരെ ബന്ധം ഉണ്ടായിരുന്നവരാണെന്ന് അഖില്‍ കുറിക്കുന്നു. താന്‍ ഏതെല്ലാം രാഷ്ട്രീയ പരിപാടികളിലും സമരങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് മനസിലാക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ മതിയെന്നും അഖില്‍ കുറിക്കുന്നുണ്ട്. ഷജീറിനെതിരെ കൂടുതല്‍ വിമര്ശനങ്ങളഴിച്ചുവിട്ടും തന്റെ സമരചിത്രങ്ങള്‍ പങ്കുവച്ചുമാണ് അഖില്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.