ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. മന്ത്രിമാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതും പ്രധാനപ്പെട്ട നടപടികൾ വൈകിപ്പിക്കുന്നതുമാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്ന പ്രധാന പരാതികൾ. ഭരണതലത്തിൽ നിലനിൽക്കുന്ന ഈ അതൃപ്തിയാണ് ഐ.എ.എസ് തലത്തിലെ കൂട്ടസ്ഥലംമാറ്റത്തിലേക്ക് സർക്കാരിനെ നയിച്ചത്. അതേസമയം, സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കെ.എം.എസ്.സി.എൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതും വിവാദമായിട്ടുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നിലെ സർക്കാർ നിലപാട് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പ്രവർത്തനരീതിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കടുത്ത വിയോജിപ്പുണ്ടെന്നാണ് വിവരം. കെ. മുരളീധരൻ, സണ്ണി ജോസഫ്, കെ.എം. ഷാജി തുടങ്ങിയവർ അതത് വകുപ്പുകളിലെ സുപ്രധാന ചുമതലകളിലുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. വിവിധ വകുപ്പുകളിൽനിന്ന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് ഐ.എ.എസ് തലത്തിൽ കാര്യമായ അഴിച്ചുപണിക്ക് സർക്കാർ തീരുമാനിച്ചത്.
മെസ്സി കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും ചില ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നിട്ടുണ്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകിപ്പിച്ചെന്ന പരാതിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികൾക്ക് പുതിയ പേരുകൾ നൽകി അവതരിപ്പിക്കുന്നുവെന്ന ആക്ഷേപവും ചില ഉദ്യോഗസ്ഥർക്കെതിരെയുണ്ട്.
മുൻ സർക്കാർ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഇടതുപക്ഷ അനുഭാവികളെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടെന്നാണ് ആരോപണം. കെ-ഡിസ്കുമായി ബന്ധപ്പെട്ടും സമാനമായ പരാതികൾ ഉയർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തപ്പെടുന്നില്ലെന്നുമാണ് മറ്റൊരു വിമർശനം.
അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് സിവിൽ സർവീസ് ബോർഡ് യോഗം ചേരണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നുമുള്ള ആവശ്യവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലംമാറ്റ നടപടികളിൽ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് ഇവരുടെ നിലപാട്.
സ്ഥലംമാറ്റത്തിൽ അതൃപ്തി പരസ്യമാക്കി ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കെ.എം.എസ്.സി.എൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ, സർക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, താരതമ്യേന ജൂനിയറായ ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയിൽ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിലും കടുത്ത വിയോജിപ്പുണ്ട്. ഇക്കാര്യങ്ങൾ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അറിയിച്ചതായാണ് വിവരം. വിദ്യാഭ്യാസ വകുപ്പിന് മുഴുവൻസമയ സെക്രട്ടറിയെ നിയമിക്കാത്തതിലുള്ള അതൃപ്തി മന്ത്രി എൻ. ഷംസുദീൻ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കും.