courtesy The indian Express
സര്‍ക്കാര്‍ തീരുമാനങ്ങള്‍ എല്ലാം പാര്‍ട്ടിയുമായി ആലോചിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പാര്‍ട്ടിക്കകത്തുനിന്ന് സമ്മര്‍ദമില്ല. എല്ലാ പ്രധാന കോണ്‍ഗ്രസ് നേതാക്കളും മന്ത്രിസഭയിലുണ്ട്. മുസ്ലിം ലീഗില്‍ നിന്ന് സമ്മര്‍ദ്ദമില്ല. ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. കേരളത്തില്‍ ലീഗില്ലെങ്കില്‍ തീവ്രപക്ഷം ആ സ്പേസ് എടുക്കും. കേന്ദ്രസര്‍ക്കാരിനെതിരെ പോരാട്ടത്തിനില്ല, ബിജെപിക്കെതിരെയാണ് പോരാട്ടം. സംസ്ഥാനത്തോട് വിവേചനമുണ്ടായാല്‍ നിലപാട് മാറും. ആശയപരമായി ബിജെപിക്കും സംഘപരിവാറിനും എതിരെ പോരാടുമെന്നും ഡല്‍ഹിയില്‍ ഇംഗ്ലിഷ് ദിനപത്രമായ ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിന്റെ പരിപാടിയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്യുന്ന എസ്എംഎ മരുന്ന വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. റോഷ് എന്ന വിദേശ കമ്പനിയുടെ മരുന്നിന്റെ വില 6.5 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ മരുന്നിന് വില 15,000 രൂപയാണ്. അതേ ക്വാളിറ്റിയുള്ള മരുന്നാണ് ഇന്ത്യന്‍ കമ്പിനിയുടേതും. രാജ്യാന്തര മരുന്ന് സിന്‍ഡിക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കാന്‍ തയാറായിരുന്നു. മികച്ച വിജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്നാണ് താന്‍ പറഞ്ഞത്. നൂറ് സീറ്റിലേറെ നേടുമെന്ന് പറഞ്ഞതും ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കുമെന്ന് പറഞ്ഞതും യാഥാര്‍ഥ്യമായി. അഞ്ച് സര്‍വേകള്‍ യുഡിഎഫ് പരാജയപ്പെടുമെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു
കേരളത്തില്‍ സിജെപി പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. റോഡ് ഉപരോധിച്ചതടക്കമുള്ള വിഷയങ്ങളുള്ളതുകൊണ്ടാണ് കേസെടുത്തത്. പ്രതിഷേധത്തില്‍ അക്രമങ്ങളുണ്ടായാല്‍, നടപടിയുണ്ടാവും. എന്നാല്‍, സര്‍ക്കാര്‍ തന്നെ കേസ് പിന്‍വലിക്കാന്‍ ഇടപെട്ടു. കോടതി പറയുന്നതിന് മുന്‍പ് സര്‍ക്കാര്‍ കേസ് ഒഴിവാക്കാന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉന്നമിട്ടും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു. തിരഞ്ഞെടുപ്പിന്റെ ഉച്ചസ്ഥായിയില്‍ വര്‍ഗീയത പറഞ്ഞപ്പോള്‍ താന്‍ എതിര്‍ത്തു. പോക്കറ്റില്‍ വോട്ടുണ്ടെന്ന് പറഞ്ഞ് ബ്ലാക് മെയില്‍ ചെയ്യാന്‍ കഴിയില്ല. വോട്ട് പോക്കറ്റില്‍ തന്നെ വച്ചാല്‍ മതി. താന്‍ എതിര്‍ത്ത നേതാവിന്റെ സമുദായത്തിന് തന്റെ മണ്ഡലത്തില്‍ 52 ശതമാനം വോട്ടുണ്ട്. എന്നിട്ടും താന്‍ വിജയിച്ചു. ആ സമുദായ അംഗങ്ങള്‍ വര്‍ഗീയമായി ചിന്തിക്കുന്നവരല്ല, അവര്‍ക്ക് തന്നെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നും വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെ സതീശന് വിമര്‍ശിച്ചു.