pinarayi-vijayan-kannur-residence-security-reduced-home-department
  • മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിനു മുന്നിലുണ്ടായിരുന്ന മുഴുവൻ സമയ പൊലീസ് കാവൽ ആഭ്യന്തരവകുപ്പ് അവസാനിപ്പിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീടിനു മുന്നിലെ മുഴുവൻസമയ പൊലീസ് കാവൽ ആഭ്യന്തരവകുപ്പ് അവസാനിപ്പിച്ചു. പുതിയ തീരുമാനപ്രകാരം പിണറായി വിജയൻ വീട്ടിലുള്ള സമയങ്ങളിൽ മാത്രമായിരിക്കും ഇനിമുതൽ പ്രത്യേക പൊലീസ് സുരക്ഷ നൽകുക. സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അദ്ദേഹം വീട്ടിലുള്ള സമയത്ത് ഒരു സബ് ഇൻസ്പെക്ടറും (എസ്ഐ) രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും (സിപിഒ) ഡ്യൂട്ടിയിലുണ്ടാകും.

ഭരണം അവസാനിച്ചതിനു പിന്നാലെ പിണറായി വിജയൻ സ്ഥലത്തില്ലാത്തപ്പോഴും വീടിനു മുന്നിൽ 24 മണിക്കൂറും പൊലീസ് സുരക്ഷ നൽകുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും രാഷ്ട്രീയ ചർച്ചകളും ഉയർന്നുവന്നിരുന്നു. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സുരക്ഷയുടെ ഭാഗമായി വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന പ്രത്യേക പൊലീസ് ജീപ്പ് നേരത്തെതന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ഇതിനെ തുടർന്ന് 'മിനി പൊലീസ് സ്റ്റേഷൻ' പോലെ പ്രവർത്തിച്ചുവന്ന ആ പ്രത്യേക ജീപ്പ് ഈ മാസം ആദ്യംതന്നെ സ്ഥലത്തുനിന്ന് എടുത്തുമാറ്റിയിരുന്നു. എങ്കിലും വീടിനുള്ള സുരക്ഷാ ജീവനക്കാരുടെ സേവനം തുടരുകയായിരുന്നു. കണ്ണൂർ എആർ ക്യാമ്പിലെ രണ്ട് എസ്ഐമാരും ആറ് സിവിൽ പൊലീസ് ഓഫീസർമാരുമാണ് ഇതുവരെ വിവിധ ഷിഫ്റ്റുകളിലായി അവിടെ സുരക്ഷാ ഡ്യൂട്ടി ചെയ്തുവന്നിരുന്നത്. ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് നിലവിൽ വന്നതോടെ കണ്ണൂരിലെ വീടിനുണ്ടായിരുന്ന മുഴുവൻസമയ കാവൽ പൂർണമായും ഒഴിവാക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുകയും ചെയ്തു. 

ENGLISH SUMMARY:

The Kerala Home Department has officially scaled down the round-the-clock police security at former Chief Minister Pinarayi Vijayan's residence in Pinarayi, Kannur. Under the new arrangement, full-time static guarding at the house has been discontinued and turned into situational security. Police personnel will now be deployed at the residence strictly during the times when Pinarayi Vijayan is physically present there. The reduced security detail will consist of one Sub-Inspector (SI) and two Civil Police Officers (CPOs) on duty during his visits.