jayarajan-rajesh-jaik
  • കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽനിന്ന് ഒഴിവാക്കി.

കോഴിക്കോട്ട് നടന്ന  സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ അസാധാരണ അഴിച്ചുപണി. സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു.   മുതിർന്ന നേതാവ് പി.ജയരാജൻ, എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതുതായി തിരഞ്ഞെടുത്തു.

അതേസമയം, കേന്ദ്ര കമ്മിറ്റി (സിസി) അംഗങ്ങളായ തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽനിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർക്ക് യോഗങ്ങളിൽ പങ്കെടുക്കാമെന്നതാണ് ഇതിനു നൽകിയിരിക്കുന്ന വിശദീകരണം.

ഒൻപതു പേരെ സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. ജോൺ ബ്രിട്ടാസിന് കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് എന്ന നിലയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാമെന്നും തീരുമാനമായി.  ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ പോഷക സംഘടനകളിൽനിന്ന് ജെയ്ക് സി.തോമസ്, എം.വിജിൻ, ഒ.എസ്.അംബിക, എൻ.സുകന്യ, പി.എസ്.സഞ്ജീവ്, എം.ശിവപ്രസാദ്, ആദർശ് എം.സജി, സുബൈദ ഇസഹാക്ക് എന്നിവരെയാണ് പുതുതായി ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നുവന്ന രൂക്ഷവിമർശനങ്ങളുടെയും തെറ്റുതിരുത്തൽ ചർച്ചകളുടെയും തുടർച്ചയായാണ് ഈ പ്രധാന സംഘടനാ മാറ്റങ്ങൾ. വരുംദിവസങ്ങളിൽ താഴെത്തട്ടിലുള്ള പാർട്ടി ഘടകങ്ങളിലും മാറ്റങ്ങൾ വരുത്താനും തെറ്റുതിരുത്തൽ നിർദേശങ്ങൾ കേഡർമാർക്കിടയിൽ കർശനമായി നടപ്പിലാക്കാനുമാണ് പാർട്ടി തീരുമാനം. പുതിയ രേഖയും സംഘടനാ തീരുമാനങ്ങളും വരുംദിവസങ്ങളിൽ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും.

ENGLISH SUMMARY:

In a major organizational overhaul following electoral setbacks and administrative challenges, the CPM has restructured its top decision-making bodies in Kerala. Senior leader P. Jayarajan, M.B. Rajesh, and V. Sivankutty have been newly inducted into the CPM State Secretariat. Meanwhile, Central Committee members Thomas Isaac and T.P. Ramakrishnan have been dropped from the State Secretariat, though they will continue to attend meetings in their capacity as CC members.